News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

ലാ ലിഗയില്‍ ഇന്നു മുതല്‍ പന്തുരുളും

featured image

മാഡ്രിഡ്‌: കോവിഡ്‌ -19 വൈറസ്‌ വ്യാപനത്തിന്റെ ആഘാതത്തില്‍നിന്നു മോചനം നേടിയ സ്‌പെയിനിലെ ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ വീണ്ടും സജീവമാകുന്നു. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ 1.30 മുതല്‍ സെവിയയും റയാല്‍ ബെറ്റിസും തമ്മില്‍ നടക്കുന്ന മത്സരത്തോടെ ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കും. നിലവിലെ ചാമ്പ്യനായ ബാഴ്‌സലോണയുടെ ആദ്യ മത്സരം ഞായറാഴ്‌ച പുലര്‍ച്ചെ 1.30 മുതല്‍ മയോര്‍ക്കയ്‌ക്കെതിരേയാണ്‌. ഞായറാഴ്‌ച രാത്രി 11 മുതല്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍ റയാല്‍ മാഡ്രിഡ്‌ ഐബാറിനെ നേരിടും. സ്‌പാനിഷ്‌ ഫുട്‌ബോള്‍ ലീഗ്‌ മത്സരങ്ങള്‍ ടിവിയില്‍ തത്സമയം കണ്ട്‌ ആസ്വദിക്കാന്‍ ഇന്ത്യയിലെ കായിക പ്രേമികള്‍ക്കു കഴിയില്ല. ലാ ലിഗ മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം ഫെയ്‌സ്ബുക്ക്‌ സ്വന്തമാക്കിയതാണ്‌ ആരാധകര്‍ക്കു തിരിച്ചടിയായത്‌. ഇന്റര്‍നെറ്റിനു മികച്ച വേഗമില്ലെങ്കില്‍ ഫെയ്‌സ്ബുക്ക്‌ ലൈവ്‌ കാണാന്‍ ബുദ്ധിമുട്ടാണ്‌. സോണി നെറ്റ്‌വര്‍ക്കാണ്‌ കഴിഞ്ഞ സീസണ്‍ വരെ സ്‌പാനിഷ്‌ ലീഗ്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സംപ്രേഷണം ചെയ്‌തിരുന്നത്‌. ലീഗ്‌ സീസണിലെ അവശേഷിക്കുന്ന മുഴുവന്‍ മത്സരങ്ങളും പരസ്യങ്ങളുടെ തടസമില്ലാതെ കാണാനാകുമെന്ന മെച്ചമുണ്ട്‌. ലാ ലിഗയുടെ ഫെയ്‌സ്ബുക്ക്‌ പേജില്‍ മത്സരങ്ങള്‍ തത്സമയം കാണാം. സ്‌പാനിഷ്‌ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്‌ അനുമതി നല്‍കിയതോടെയാണ്‌ മത്സരങ്ങള്‍ തുടങ്ങാന്‍ ലാ ലിഗ സംഘാടക സമിതി തീരുമാനിച്ചത്‌. കോവിഡ്‌ -19 വൈറസ്‌ വ്യാപനത്തോടെ മാര്‍ച്ച്‌ 12 നാണു സ്‌പെയിന്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചത്‌്. ലാ ലിഗ സീസണില്‍ 11 മത്സരങ്ങളാണു ശേഷിക്കുന്നത്‌. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ബാഴ്‌സയ്‌ക്ക് മയോര്‍ക്കയ്‌ക്കെതിരായ എവേ മത്സരം ടെസ്‌റ്റ് ഡോസാണ്‌. സൂപ്പര്‍ താരം ലയണല്‍ മെസി മയോര്‍ക്കയ്‌ക്കെതിരേ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ കളിക്കുമെന്നാണു കോച്ച്‌ ക്വികെ സെറ്റിയന്‍ നല്‍കുന്ന സൂചന. പരുക്കില്‍നിന്നു മോചിതനായ മെസി ആരോഗ്യവാനാണെന്നും തുടക്കം മുതല്‍ കളിക്കാനുള്ള ശാരീരിക ക്ഷമത മെസിക്കുണ്ടെന്നും സെറ്റിയെന്‍ വ്യക്‌തമാക്കി. നീണ്ട ഇടവേള വന്നതു കൊണ്ടുള്ള പ്രശ്‌നങ്ങളാണു താരത്തിനുള്ളത്‌. മെസി പരിശീലനം നിര്‍ത്തിയത്‌ മുന്‍കരുതലായാണ്‌. ഈ സമയത്തു പരുക്കേറ്റാല്‍ അതു തിരിച്ചടിയാകും-സെറ്റിയെന്‍ വ്യക്‌തമാക്കുന്നു. ഒന്നാംസ്‌ഥാനത്തുള്ള ബാഴ്‌സയും രണ്ടാം സ്‌ഥാനത്തുള്ള റയാല്‍ മാഡ്രിഡും തമ്മില്‍ രണ്ട്‌ പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്‌. 27 കളികളില്‍നിന്ന്‌ ബാഴ്‌സ നേടിയത്‌ 58 പോയിന്റും റയാല്‍ നേടിയത്‌ 56 പോയിന്റുമാണ്‌. സീസണില്‍ ഇതുവരെ 19 ഗോളുകളും 12 അസിസ്‌റ്റുകളും സ്വന്തമാക്കിയ മെസിയുടെ പ്രകടനം ബാഴ്‌സയുടെ കിരീടപ്പോരാട്ടത്തില്‍ നിര്‍ണായകമാണ്‌. മെസി ശനിയാഴ്‌ച ന്യൂക്യാമ്പില്‍ ഒറ്റയ്‌ക്ക് പരിശീലനത്തിനിറങ്ങിയിരുന്നു. സഹതാരങ്ങള്‍ ടീമുണ്ടാക്കി കളിച്ചപ്പോഴും മെസി ഒറ്റയ്‌ക്കാണു പരിശീലിച്ചത്‌. തിങ്കളാഴ്‌ച മെസി മുഴുവന്‍ സമയവും പരിശീലനത്തിനിറങ്ങി. പരുക്കു മാറി തിരിച്ചെത്തുന്ന യുറുഗ്വേക്കാരന്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസ്‌ മുഴുവന്‍ സമയവും കളിക്കാനിടയില്ലെന്നാണു സൂചന. പരുക്കു മൂലം ജനുവരിക്കു ശേഷം കളിക്കാതിരുന്ന സുവാരസിനു കുറച്ച്‌ മിനിറ്റുകള്‍ കളിച്ചുകൊണ്ട്‌ മാത്രമേ തുടങ്ങാന്‍ പറ്റൂ. മയോര്‍ക്കയ്‌ക്കെതിരേ പകരക്കാരനായാണു സുവാരസിനെ പരിഗണിക്കുക. താരങ്ങളില്‍ മാത്രം തീരുന്നതല്ല സെറ്റിയന്റെ പ്രശ്‌നങ്ങള്‍. സെവിയ, വിയ്യാ റയാല്‍ ടീമുകള്‍ക്കെതിരേ അവര്‍ക്ക്‌ എവേ മത്സരങ്ങള്‍ കളിക്കാനുണ്ട്‌. ഇവിടെ നടന്ന കഴിഞ്ഞ മത്സരങ്ങള്‍ ബാഴ്‌സയ്‌ക്ക് അത്ര സുഖകരമായിരുന്നില്ല. സ്വന്തം തട്ടകമായ ന്യൂക്യാമ്പിലും അവരെ വെല്ലുവിളികള്‍ കാത്തിരിക്കുന്നു. അത്‌ലറ്റിക്കോ ബില്‍ബാവോയും കരുത്തനായ അത്‌ലറ്റിക്കോ മാഡ്രിഡുമാണ്‌ ബാഴ്‌സയെ സ്വന്തം തട്ടകത്തില്‍ നേരിടുന്നത്‌. കാറ്റലൂണിയന്‍ ക്ലബായ എസ്‌പാനിയോളും ന്യൂക്യാമ്പില്‍ കളിക്കാനെത്തും. ഗോള്‍ കീപ്പര്‍ മാര്‍ക്‌ ആന്ദ്രെ ടെര്‍ സ്‌റ്റീഗന്‍, ജെറാഡ്‌ പികെ്വ, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബസ്‌ക്വറ്റ്‌സ് എന്നിവര്‍ മുഴുവന്‍ സമയവും കളിക്കാന്‍ ക്ഷമതയുള്ളവരാണെന്നതു സെറ്റിയന്‌ ആശ്വാസമാണ്‌. സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബു തല്‍ക്കാലത്തേക്ക്‌ ഉപേക്ഷിച്ച റയാല്‍ മാഡ്രിഡ്‌ സീസണിലെ ശേഷിക്കുന്ന ഹോം മത്സരങ്ങള്‍ ആല്‍ഫ്രഡോ ഡി സ്‌റ്റൈഫാനോ സ്‌റ്റേഡിയത്തില്‍ നടത്താനുള്ള ഒരുക്കത്തിലാണ്‌. സാന്തിയാഗോ ബെര്‍ണ്യാബുവില്‍ തുടങ്ങിവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണു താല്‍ക്കാലിക മാറ്റം. റയാലിനു തങ്ങളുടെ വാന്‍ഡ മെട്രോപോലീറ്റാനോയില്‍ കളിക്കാമെന്ന അത്‌ലറ്റിക്കോ മാഡ്രിഡ്‌ പ്രസിഡന്റ്‌ എന്റികെ്വ സെറെസോയുടെ ക്ഷണം റയാല്‍ നിരസിച്ചിരുന്നു. 2017 ലാണ്‌ അത്‌ലറ്റിക്കോ വിസെന്റെ കാല്‍ഡെറോണ്‍ സ്‌റ്റേഡിയത്തില്‍നിന്നു വാന്‍ഡ മെട്രോപോലീറ്റാനോയിലേക്കു മാറിയത്‌. സ്‌റ്റേഡിയമല്ല താരങ്ങളുടെ പ്രകടനമാണു താന്‍ വിലയിരുത്തുന്നതെന്നു റയാല്‍ കോച്ചും ഫ്രഞ്ച്‌ ഇതിഹാസവുമായ സിനദിന്‍ സിദാന്‍ പറഞ്ഞു. പരുക്കില്‍നിന്നു മോചിതനായ ഈഡന്‍ ഹസാഡ്‌, മാര്‍കോ അസെന്‍സിയോ എന്നിവര്‍ കളത്തില്‍ തിരിച്ചെത്തുന്നതു റയാലിന്റെ കരുത്തു കൂട്ടും. കാരിം ബെന്‍സൈമയും വിന്‍ഷ്യസ്‌ ജൂനിയറും ഒത്തുചേരുന്നതോടെ റയാലിന്റെ എതിരാളികള്‍ വിയര്‍ക്കും. മികവിന്റെ നിഴലിലാണെങ്കിലും ഗാരേത്‌ ബെയ്‌ലും സിദാന്റെ പ്രഥമ പരിഗണനയിലുള്ള താരമാണ്‌. നായകന്‍ സെര്‍ജിയോ റാമോസ്‌ പ്രതിരോധത്തില്‍ തകര്‍പ്പന്‍ ഫോം തുടരുകയാണ്‌. ഗോള്‍ കീപ്പര്‍ തിബൗത്ത്‌ കോര്‍ട്ടോസിസ്‌ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്‌. ഹാമിഷ്‌ റോഡ്രിഗസ്‌, മാരിയാനോ, ബ്രാഹിം ഡയാസ്‌ എന്നിവരും മുന്‍ ചാമ്പ്യന്‍മാരുടെ വിശ്വസ്‌ത താരങ്ങള്‍ തന്നെ. ലൂകാ ജോവിച്ച്‌ മാത്രമാണ്‌ ഈ ഗണത്തില്‍ നിരാശപ്പെടുത്തിയത്‌. മികവിലേക്ക്‌ ഉയരാത്ത ജോവിച്ച്‌ കാലിനേറ്റ പരുക്കും തിരിച്ചടിയായി. റയാലിന്റെ അടുത്ത നാലു മത്സരങ്ങള്‍ ദുര്‍ബലരോടാണെന്നതും പ്ലസ്‌ പോയിന്റാണ്‌. റയാല്‍ സോസിഡാഡ്‌, അത്‌ലറ്റിക്കോ ബില്‍ബാവോ എന്നിവര്‍ക്കെതിരായ എവേ മത്സരങ്ങളാകും സിദാന്‌ പരീക്ഷണമാകുക. കാണികളില്ലാത്ത മത്സരങ്ങള്‍ കോവിഡ്‌ -19 വൈറസ്‌ ഭീഷണി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ കാണികളെ ഒഴിവാക്കിയാണു ലാ ലിഗ മത്സരങ്ങള്‍ നടത്തുക. കാണികളില്ലാത്ത നിരാശ താരങ്ങള്‍ക്കും നേരിട്ടു കാണാന്‍ കഴിയാത്ത നിരാശ കാണികള്‍ക്കും ഉണ്ടാകാതിരിക്കാന്‍ റോയല്‍ സ്‌പാനിഷ്‌ ഫെഡറേഷന്‍ സകല പണിയും പയറ്റുന്നുണ്ട്‌. ജര്‍മനിയിലെ ബുണ്ടസ്‌ ലിഗയിലേതു പോലെ സ്‌റ്റേഡിയത്തില്‍ കാണികളുടെ കട്ടൗട്ടും സൗണ്ട്‌ ഇഫക്‌ടുകളും സൃഷ്‌ടിക്കാനാണു പദ്ധതി. ഓരോ മുന്നേറ്റങ്ങള്‍ക്കുമൊപ്പം കാണികള്‍ അലറുന്ന ശബ്‌ദം മീഡിയാ പ്രോ, ഇ.എ. സ്‌പോര്‍ട്‌സ് എന്നിവയുടെ സഹായത്തോടെ കൃത്രിമമായി സൃഷ്‌ടിക്കും. മത്സരം തത്സമയം കാണുന്നവര്‍ക്കായും ചില പദ്ധതികള്‍ നടപ്പാക്കിയെന്ന്‌ ലാ ലിഗ പ്രസിഡന്റ്‌ സാവിയര്‍ ടെബാസ്‌ പറഞ്ഞു. Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages