News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Jun 11, 2020

ബഹു. പ്രധാനമന്ത്രി, 21 ദിവസം കൊണ്ട് ഈ യുദ്ധം ജയിക്കുമെന്നായിരുന്നു അങ്ങയുടെ പ്രഖ്യാപനം | വഴിപോക്കന്‍

featured image

മുന്‍ വിദേശകാര്യ മന്ത്രി കെ. നട്‌വര്‍ സിങ് രേഖപ്പെടുത്തിയിട്ടുള്ള രസകരമായ ഒരു സംഭവമുണ്ട്. കാലം 1975. നട്വര്‍ അന്ന് ലണ്ടനില്‍ ഇന്ത്യയുടെ ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍. ഒരു ദിവസം നട്‌വറിനെ ചന്ദ്രസ്വാമി ഫോണില്‍ വിളിക്കുന്നു. രണ്ടാവശ്യങ്ങളായിരുന്നു ചന്ദ്രസ്വാമിക്ക്. ഇന്ത്യയുടെ മുന്‍ വൈസ്റോയ് മൗണ്ട്ബാറ്റന്‍ പ്രഭുവിനെയും അന്നത്തെ ഇംഗ്ളണ്ടിലെ പ്രതിപക്ഷ നേതാവ് മാര്‍ഗരറ്റ് താച്ചറിനെയും കാണണം.  ഇരുപത്തേഴുകാരനായ ചന്ദ്രസ്വാമി അന്നേ ഡെല്‍ഹിയിലെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ അറിയപ്പെടുന്ന കക്ഷിയാണ്.  യുക്തിവാദിയായിരുന്ന നട്‌വറിന് ചന്ദ്രസ്വാമിയെപ്പോലുള്ളവരോട് വലിയ മതിപ്പുണ്ടായിരുന്നില്ല. എങ്കിലും ലണ്ടനിലെത്തുന്ന ഇന്ത്യക്കാരെ സഹായിക്കേണ്ടത് ഡപ്യൂട്ടി ഹൈക്കമ്മീഷണറെന്ന നിലയില്‍ നട്‌വറിന്റെ ചുമതലയാണ്. ആ ദിവസങ്ങളിലൊന്നില്‍ അമേരിക്കയിലേക്ക് പോകുംവഴി ലണ്ടനിലെ വിമാനത്താവളത്തിലെത്തിയ വിദേശ മന്ത്രി വൈ. ബി. ചവാനും ചന്ദ്രസ്വാമിയെ സഹായിക്കുന്നതില്‍ പ്രശ്നമൊന്നുമില്ലെന്ന് നട്‌വറിനോട് പറഞ്ഞു. നട്‌വര്‍ മൗണ്ട്ബാറ്റനെ വിളിച്ചു. വടക്കന്‍ അയര്‍ലണ്ടിലേക്ക് പോവുകയാണെന്നും സ്വാമിയെ കാണാനാവില്ലെന്നും മൗണ്ട്ബാറ്റന്‍ പറഞ്ഞു. താച്ചറെ നട്‌വര്‍ അവരുടെ ഓഫീസില്‍ പോയിക്കണ്ടു. എന്തിനാണ് ഇന്ത്യയില്‍നിന്നുള്ള സന്യാസി തന്നെ കാണുന്നതെന്ന് താച്ചര്‍ ചോദിച്ചു. അത് സ്വാമി നേരിട്ടുപറയുമെന്ന് താച്ചറോട് നട്വര്‍ പറഞ്ഞു. പത്തു മിനിറ്റ് സമയമാണ് സ്വാമിക്ക് താച്ചര്‍ അനുവദിച്ചത്. പറഞ്ഞ സമയത്ത് ചന്ദ്രസ്വാമിയുമായി നട്‌വര്‍ താച്ചറുടെ ഓഫീസിലെത്തി. കാഷായവസ്ത്രവും കഴുത്തില്‍ രുദ്രാക്ഷമാലകളും കൈയ്യില്‍ യോഗദണ്ഡുമൊക്കെയായി ചന്ദ്രസ്വാമി ശരിക്കും സ്‌റ്റൈലിലായിരുന്നു. ''എന്തിനാണ് താങ്കള്‍ എന്നെ കാണണമെന്ന്  ആവശ്യപ്പെട്ടത്?''  താച്ചര്‍ സ്വാമിയോട് ചോദിച്ചു.  സ്വാമിയുടെ സംസാരം ഹിന്ദിയിലായിരുന്നതിനാല്‍ നട്‌വറായിരുന്നു മൊഴിമാറ്റം.  ''അതു താങ്കള്‍ ഉടനെ അറിയും.'' ഇതു പറഞ്ഞിട്ട് സ്വാമി ഒരു ഷീറ്റ് പേപ്പറെടുത്ത് അഞ്ചായി കീറി താച്ചര്‍ക്ക് കൊടുത്തു. എന്നിട്ട് ഓരോ പേപ്പറിലും ഓരോ ചോദ്യങ്ങള്‍ എഴുതാന്‍ പറഞ്ഞു. സംഗതി അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ലെങ്കിലും അതിഥിയെ അപമാനിക്കരുതല്ലോ എന്നു കരുതി താച്ചര്‍ അനുസരിച്ചു. എഴുതിയത് താന്‍ കാണാതിരിക്കാനായി അഞ്ചു പേപ്പറും പന്തു പോലെ ചുരുട്ടിവെയ്ക്കാന്‍ സ്വാമി താച്ചറോട് പറഞ്ഞു. താച്ചര്‍ അതു ചെയ്തപ്പോള്‍ ആദ്യത്തെ പേപ്പര്‍ പന്ത് തുറക്കാമെന്നായി സ്വാമി.  താച്ചര്‍ താനെഴുതിയ ചോദ്യത്തിലേക്ക് നോക്കിയിരിക്കെ സ്വാമി അതിന്റെ ഉള്ളടക്കം ഹിന്ദിയില്‍ പറഞ്ഞു. അഞ്ചാമത്തെ ചോദ്യവും കൃത്യമായി സ്വാമി പറഞ്ഞതോടെ താച്ചര്‍ സ്വാമിയില്‍ ഒരു ദിവ്യപുരുഷനെ കണ്ടു. താച്ചര്‍ വീണുവെന്ന് മനസ്സിലാക്കിയ  സ്വാമി സോഫയില്‍ പത്മാസനത്തിലിരുന്നു. താച്ചര്‍ പല ചോദ്യങ്ങളും ചോദിച്ചു. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടയില്‍ സ്വാമി പെട്ടെന്ന് കണ്ണുകളടച്ചു.  ''സൂര്യന്‍ അസ്തമിച്ചിരിക്കുന്നു. ഇന്നിനി ചോദ്യങ്ങളില്ല.''  എങ്കില്‍ പിന്നെ ഇനിയെപ്പോഴാണ് സ്വാമിയെ കാണാന്‍ പറ്റുകയെന്നായി താച്ചര്‍.  സ്വാമി ഒന്ന് മന്ദഹസിച്ചു, എന്നിട്ട് പറഞ്ഞു. ''ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ടരയ്ക്ക് നട്‌വര്‍ സാഹിബ്ബിന്റെ വീട്ടില്‍.''  നട്‌വര്‍ അങ്കലാപ്പിലായി. ബ്രിട്ടന്റെ പ്രതിപക്ഷ നേതാവിനോട് ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മീഷണറുടെ വീട്ടിലേക്ക് വരാന്‍ പറയുന്നത് മര്യാദയല്ല. പക്ഷേ, താച്ചറിന്റെ ചോദ്യം ഇതായിരുന്നു. ''ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍, താങ്കളുടെ വീടെവിടെയാണ്?''   അപ്പോള്‍ സ്വാമി തന്റെ ളോഹയുടെ കീശയില്‍നിന്ന് ഒരു രക്ഷാച്ചരടെടുത്തിട്ട് നട്‌വറിന് കൊടുത്തിട്ടു പറഞ്ഞു.  ''വരുമ്പോള്‍ ഇടത്തേ കയ്യില്‍ ഇതു കെട്ടണമെന്നും ചുവന്ന ഉടുപ്പ് ധരിച്ചിരിക്കണമെന്നും മാഡത്തോട് പറയൂ.''  സ്വാമിക്ക് വട്ടാണെന്നും ഇതൊക്കെ താച്ചറോട് എങ്ങിനെയാണ് പറയുകയെന്നും ആലോചിച്ച് കുഴങ്ങിയ നട്‌വറിനോട്  താച്ചര്‍ സ്വാമി എന്താണ് പറയുന്നതെന്ന് ചോദിച്ചു. മടിച്ച് മടിച്ച് നട്‌വര്‍ കാര്യം പറഞ്ഞു. താച്ചര്‍ രക്ഷാച്ചരട് വാങ്ങി. നട്‌വറും സ്വാമിയും താച്ചറുടെ ഓഫീസില്‍ നിന്നിറങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ താച്ചര്‍ നട്‌വറിന്റെ വീട്ടിലെത്തി. ഇടത്തേ കയ്യില്‍ രക്ഷാച്ചരടും ചുവന്ന സ്‌കേര്‍ട്ടും ധരിച്ചെത്തിയ താച്ചറെ കണ്ട് നട്‌വര്‍ അമ്പരന്നു. താച്ചറിന് മുഖ്യമായും അറിയേണ്ടിയിരുന്നത് താന്‍ പ്രധാനമന്ത്രിയാവുമോ എന്നായിരുന്നു. താച്ചര്‍ പ്രധാനമന്ത്രിയാവുമെന്നും ഒമ്പത് വര്‍ഷമോ 11 വര്‍ഷമോ 13 വര്‍ഷമോ ആ സ്ഥാനത്ത് തുടരുമെന്നും സ്വാമി പ്രവചിച്ചു (താച്ചര്‍ 1979-ല്‍ പ്രധാനമന്ത്രിയായി. 11 വര്‍ഷം ആ പദവിയില്‍ തുടരുകയും ചെയ്തു). സംഗതിയുടെ ക്ലൈമാക്സ് ഇതൊന്നുമല്ല. 1979-ല്‍ പ്രധാനമന്ത്രിയായ ശേഷം കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പങ്കെടുക്കാനായി താച്ചര്‍ സാംബിയയിലെ ലുസാക്കയിലെത്തി. അന്ന് നട്‌വര്‍ അവിടത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ്. വിമാനത്താവളത്തില്‍ താച്ചറെ അഭിവാദ്യം ചെയ്ത ശേഷം നട്‌വര്‍ പതുക്കെ പറഞ്ഞു  ''നമ്മുടെ ആളുടെ പ്രവചനം ശരിയായി.''  ഒരു നിമിഷം താച്ചറൊന്ന് അമ്പരന്നതുപോലെ നട്‌വറിന് തോന്നി. അടുത്ത നിമിഷം താച്ചര്‍ നട്‌വറിനെ അടുത്തേക്ക് മാറ്റി നിര്‍ത്തിയിട്ട് പറഞ്ഞു. ''ഹൈക്കമ്മിഷണര്‍, ഇത്തരം കാര്യങ്ങളൊന്നും നമ്മള്‍ സംസാരിക്കാറില്ല.'' അതങ്ങിനെയാണ് ചില കാര്യങ്ങള്‍ പിന്നീടോര്‍മ്മിപ്പിക്കുന്നത് പലര്‍ക്കും ഇഷ്ടപ്പെടില്ല. പക്ഷേ, ചില സംഗതികള്‍ ഓര്‍മ്മിപ്പിക്കാതിരിക്കുന്നത് ചരിത്രത്തോടും കാലത്തോടുമുള്ള അനീതിയായിരിക്കും. ഓര്‍മ്മകളില്ലെങ്കില്‍ ജീവിതത്തിന് പിന്നെന്ത് അര്‍ത്ഥമാണുള്ളത്?  ചന്ദ്രസ്വാമിയുടെ ദിവ്യശക്തി വര്‍ണ്ണിക്കുന്നതിനോ താച്ചറെപ്പോലൊരു ഉരുക്കുവനിത പോലും എത്ര എളുപ്പത്തിലാണ്  കണ്‍കെട്ടുവിദ്യകളില്‍ വീണുപോകുന്നത് ചൂണ്ടിക്കാട്ടാനോ അല്ല നട്‌വര്‍ സിങ് വിവരിച്ച കഥ ഇവിടെ എഴുതിയത്. ഭൂതകാലം ആരുമങ്ങിനെ എളുപ്പത്തില്‍ മറക്കരുതെന്നും മറക്കുന്നവരെ അതോര്‍മ്മിപ്പിക്കേണ്ടത് പൗരസമൂഹത്തിന്റെ കമടമയാണെന്ന് വ്യക്തമാക്കാനുമാണ് ഇത്രയും വിശദമായി ഇക്കാര്യം ഇവിടെ എടുത്തുകൊടുത്തത്. ഉദാഹരണത്തിന് ഇക്കഴിഞ്ഞ മാര്‍ച്ച് 25-ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ഒരു കാര്യം ഒന്നോര്‍മ്മിപ്പിക്കുകയാണ്. 2020 മാര്‍ച്ച് 25 സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായൊരു ദിവസമാണ്. കൊവിഡ് 19-നെതിരെയുള്ള ദേശീയ ലോക്ക്ഡൗണിന്റെ ഒന്നാം ദിനം. അന്ന് തന്റെ ലോക്സഭ മണ്ഡലമായ വാരാണസിയിലെ ജനങ്ങളുമായി നടത്തിയ വീഡിയൊ കോണ്‍ഫറന്‍സില്‍ മോദി ഒരു പ്രഖ്യാപനം നടത്തി.  ''മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ് കൃഷ്ണന്റെ നേതൃത്വത്തില്‍ വിജയിച്ചത്. കൊറോണ വൈറസിനെതിരെയുള്ള ഈ യുദ്ധം നമ്മള്‍ 21 ദിവസം കൊണ്ട് വിജയിച്ചിരിക്കും.''   മാര്‍ച്ച് 25-ന് ബുധനാഴ്ച രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 606 ആയിരുന്നു. ഇന്നിപ്പോള്‍ രണ്ടര മാസം പിന്നിടുമ്പോള്‍ ഇതെഴുതുമ്പോള്‍ 2,86,576 പേരാണ് വൈറസ് ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഈ രോഗം മൂലം മരിച്ചത് 357 പേരാണ്. യുദ്ധം വിജയിച്ചോ എന്ന് പ്രധാനമന്ത്രിയോട് രാജ്യത്തെ ആര്‍ക്കും ചോദിക്കാനാവില്ല. കാരണം പത്രസമ്മേളനങ്ങള്‍ അദ്ദേഹം നടത്താറില്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതിനിധികളെന്ന നിലയ്ക്ക് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തോട് ഈ ചോദ്യമെന്നല്ല ഒരു ചോദ്യവും ചോദിക്കാനാവില്ല.  ചോദ്യങ്ങള്‍ക്ക് അതീതനാണ് താനെന്നാണ് പ്രധാനമന്ത്രി മോദി കരുതുന്നത്. ഏകപക്ഷീയമായ ഭാഷണങ്ങളോടാണ് അദ്ദേഹത്തിന് താല്‍പര്യം. അദ്ദേഹം ഇങ്ങോട്ട് പറയും .അതാണതിന്റെ രീതി. അങ്ങിനെയൊരു പ്രഭാഷണത്തിലാണ് അദ്ദേഹം ഇന്ത്യന്‍ പുരാണത്തെ കൂട്ടുപിടിച്ച് കൊറോണയെ മൂന്നാഴ്ചകൊണ്ട് പമ്പ കടത്തിയിരിക്കുമെന്ന് പറഞ്ഞത്. പക്ഷേ, കൊറോണ ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലേക്കുമെത്തിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി എവിടെ എന്ന ചോദ്യം അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. ഇനിയിപ്പോള്‍ ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്ന് പറയേണ്ട ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ട്. കാരണം ഈ പോരാട്ടത്തിന്റെ നായകസ്ഥാനം അദ്ദേഹം സ്വമേധയാ ഏറ്റെടുത്തതാണ്. ഒരു സംസ്ഥാന ഭരണകൂടത്തോടും ചര്‍ച്ച ചെയ്യാതെയാണ് മാര്‍ച്ച് 24-ന് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.  ജനവരി 30-നാണ് കേരളം രാജ്യത്തെ ആദ്യ കൊവിഡ് 19 രോഗിയെക്കറിച്ച് പറഞ്ഞത്. അതിനു ശേഷം മുന്നൊരുക്കത്തിന് എത്രയോ സമയമുണ്ടായിരുന്നു. പക്ഷേ, ഫെബ്രുവരി 24-ന് അഹമ്മദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വരവേല്‍ക്കണമായിരുന്നു. ഭോപ്പാലില്‍ ശിവ്രാജ്ചൗഹാന് വീണ്ടും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയാവണമായിരുന്നു. മാര്‍ച്ച് 23-ന് രാത്രി ഒമ്പത് മണിക്കാണ് കോണ്‍ഗ്രസിനെ പിളര്‍ത്തി ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അടുത്ത ദിവസം പ്രധാനമന്ത്രി കൊറാണയ്ക്കെതിരെ 21 ദിവസത്തെ യുദ്ധം പ്രഖ്യാപിച്ചു. തപ്പ് കൊട്ടല്‍, വിളക്ക് കൊളുത്തല്‍, പുഷ്പവൃഷ്ടി എന്നിങ്ങനെ പല തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ ഇതിനിടയിലുണ്ടായി. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഭരണകൂടത്തിന്റെ കാരുണ്യരഹിതമായ നടപടികള്‍ക്ക് മുന്നില്‍ അനാഥരും നിരാലംബരുമായി. കഴിഞ്ഞ ദിവസം ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് ഒരു മഹാനഗരത്തില്‍നിന്നു ഫോണില്‍ പറഞ്ഞത് നഗരത്തിലെ ഒരു മേല്‍പാലത്തിന് താഴെ ഭക്ഷണവും കാത്തിരിക്കുന്ന നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികളെ കുറിച്ചാണ്. ഇന്ത്യയിലെ പല നഗരങ്ങളിലും ഇപ്പോള്‍ കൊവിഡ് 19 രോഗികള്‍ക്ക് കിടക്കകളില്ലാത്ത അവസ്ഥയാണ്. സ്വകാര്യ ആസ്പത്രികള്‍ രോഗികളെ കൊള്ളയടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഷിഫ്റ്റില്‍ ചുമതല കൈമാറാനാളില്ലാതെ ഡോക്ടര്‍മാരും നഴ്സുമാരുമടക്കമുള്ളവര്‍ വശംകെടുന്നു. തോല്‍ക്കുന്ന യുദ്ധത്തിലാണോ ഇന്ത്യ?  ഏത് ശത്രുവിനെയും വീഴ്ത്താന്‍ കഴിയുന്ന ആ അഭിനവ പാര്‍ത്ഥസാരഥി പക്ഷേ, എവിടെയാണ്? എവിടെ ആ മനം കവരുന്ന പ്രഭാഷണങ്ങള്‍? വഴികാട്ടിയായി ജ്വലിച്ചുനില്‍ക്കേണ്ട ആ നക്ഷത്രം എവിടെ? ചിലപ്പോള്‍ സര്‍ജിക്കല്‍ സൈ്ട്രക്കുകള്‍ക്കായുള്ള ഒരുക്കത്തിലായിരിക്കും. ചിലപ്പോള്‍ മഴക്കാറുള്ള രാത്രികള്‍ക്കായി കാത്തിരിക്കുകയായിരിക്കും. ഒന്നും നടക്കുന്നില്ലെന്ന് പറയാനാവില്ല. 20,000 കോടി രൂപ ചെലവുള്ള പുതിയ പാര്‍ലമെന്റ് സമുച്ചയത്തിന്റെ പണി മുടക്കമില്ലാതെ നടക്കും. രണ്ടു കൊല്ലത്തിനുള്ളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പുതിയ ഭവനമുണ്ടാവും. ആയിരക്കണക്കിന് കോടി വില വരുന്ന പുതിയ വിമാനങ്ങള്‍ പ്രധാനമന്ത്രിയേയും പ്രസിഡന്റിനേയും കാത്തിരിക്കുന്നു. വരുന്ന സ്പെറ്റംബറിനുള്ളില്‍ ഈ പുതിയ ബോയിങ്  വിമാനങ്ങള്‍ ഡല്‍ഹിയിലെത്തുമെന്നാണ് സൂചന.  അപ്പോഴേക്കും ഇന്ത്യ കൊറോണയെ കീഴടക്കിയേക്കുമോയെന്നു മാത്രം ചോദിക്കരുത്. അയോദ്ധ്യയില്‍ പുതിയ രാമക്ഷേത്രത്തിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് ക്ഷേത്രം പൂര്‍ത്തിയായിരിക്കും. ഏത് കൊറോണയ്ക്കുമുള്ള മരുന്ന് എവിടെയാണുള്ളതെന്ന് മോദിജിക്കും യോഗിജിക്കും ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. എത്രയോ കാലമായി പരീക്ഷിച്ചു വിജയിച്ച മരുന്നാണത്. ആ മരുന്ന് കൈയ്യിലുള്ളപ്പോള്‍  മോദിജിയെ വെല്ലുവിളിക്കാന്‍ ഈ ഇന്ത്യ മഹാരാജ്യത്ത് ആരാണുള്ളത്? വഴിയില്‍ കേട്ടത്: രാജസ്ഥാനിലും ഓപ്പറേഷന്‍ താമരയ്ക്ക് നീക്കം. ഇതിനെയാക്കെ നമ്മള്‍ അഭിമുഖങ്ങളിലൂടെ നേരിടുമെന്ന് രാഹുല്‍ ഗാന്ധി. അടുത്ത അഭിമുഖം മിക്കവാറും ഈ ഓപ്പറേഷനുകളുടെ നേതാവ് അമിത്ജിയുമായിട്ടായിരിക്കും. Content Highlights: Respected Prim Minister, We will win this war within 21 days is your promise | Vazhipokkan

No comments:

Post a Comment

Post Top Ad

Your Ad Spot

Pages