ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍പോയ എയര്‍ഇന്ത്യ വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കിയ സുരക്ഷ ഉപകരണങ്ങള്‍ നിലവാരം കുറഞ്ഞവ  ആയിരുന്നുവെന്ന് പരാതി. ഇക്കാര്യം ചൂൂണ്ടിക്കാട്ടി എയര്‍ഇന്ത്യ പൈലറ്റുമാര്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് പരാതി നല്‍കി. 

പൈലറ്റുമാര്‍ക്കും വിമാന ജീവനക്കാര്‍ക്കും നല്‍കിയ സുരക്ഷാ ഉപകരണങ്ങളുടെ ഭാഗങ്ങള്‍ ഇളകുകയോ കീറുകയോ ചെയ്ത നിലയിലായിരുന്നുവെന്ന് പരാതിയില്‍  പറയുന്നു. സാനിറ്റൈസറുകള്‍ ആവശ്യാനുസരണം നല്‍കിയില്ല. വിമാനങ്ങള്‍ അണുവിമുക്തമാക്കിയത് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആയിരുന്നില്ല. 

ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധനാ സംവിധാനങ്ങളും ചികിത്സാ സൗകര്യങ്ങളും ഒരുക്കണം. മഹാമാരിയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ച ജീവനക്കാര്‍ക്ക് നല്‍കേണ്ട ഏറ്റവും കുറഞ്ഞ പിന്തുണയാണ് ഇത്. വൈറസ് ബാധയുടെ കാലത്ത് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് തങ്ങള്‍ക്ക് കനത്ത തിരിചച്ചടിയായെന്നും പൈലറ്റുമാര്‍ കത്തില്‍ പറയുന്നു.

Content  Highlights: Damaged protective gear, not enough sanitisers: Air India pilots on rescue flights