ന്യൂഡല്‍ഹി: ഇരുപത്തിമൂന്നുകാരിയെ കൊറോണയെന്ന് വിളിക്കുകയും യുവതിയുടെ മേല്‍ തുപ്പുകയും ചെയ്ത യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ജനതാ കര്‍ഫ്യു കഴിഞ്ഞയുടനെയായിരുന്നു സംഭവം. 

കര്‍ഫ്യുവിന് ശേഷം വിജയനഗറിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ നാല്‍പതുകാരന്‍ തടഞ്ഞുനിര്‍ത്തുകയും അധിക്ഷേപിക്കുകയുമായിരുന്നു. വായില്‍ ചവച്ചു കൊണ്ടിരുന്ന പാന്‍ യുവതിയുടെ നേര്‍ക്ക് തുപ്പുകയും കൊറോണയെന്ന് ഉറക്കെ വിളിക്കുകയും ചെയ്തു. സംഭവത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസിന്റെ ശ്രദ്ധയില്‍ പെടുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ നേര്‍ക്ക് ഡല്‍ഹിയില്‍ വംശീയാധിക്ഷേപം വര്‍ധിച്ചതായി വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്  ഇതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അധിക്ഷേപത്തിനിരയായ യുവതി മണിപ്പുര്‍ സ്വദേശിയാണ്.