ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും താമസവും ഉള്‍പ്പെടെയുള്ളവ നല്‍കണമെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് കോടതിയെ സമീപിച്ചത്. 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യമെമ്പാടും 21 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിങ്ങള്‍ എവിടെയാണോ അവിടെത്തന്നെ തുടരണമെന്നായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കും. 

ഡല്‍ഹി, മുംബൈ തുടങ്ങി മഹാനഗരങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് തൊഴിലാളികളാണ് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് കാല്‍നടയായി പുറപ്പെട്ടത്. മിക്കവരുടെയും ഒപ്പം ഭാര്യമാരും പിഞ്ചുകുഞ്ഞുങ്ങളുമുണ്ട്. ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്‍ അടച്ചതും ഭക്ഷണത്തിനും മറ്റുമുള്ള മാര്‍ഗം ഇല്ലാത്തതുമാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് ഏതുവിധേനെയങ്കിലും എത്തിപ്പെടാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്. 

content highlights: Supreme court to hear petition on migrants