പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ മൂന്നു പേരടക്കം പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ച അഞ്ചുപേര്‍ ആസ്പത്രി വിട്ടു. പത്തനംതിട്ട ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഇവരെ ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സില്‍ വീട്ടില്‍ എത്തിക്കും. ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റെ യോഗത്തിന് ശേഷമാണ് ഇവരെ സുരക്ഷിതരായി വീട്ടില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയത്. 

പത്തനംതിട്ട റാന്നി അയത്തലയില്‍ ഒരു കോമ്പൗണ്ടിലുള്ള രണ്ട് കുടുംബങ്ങളിലെ അഞ്ച് പേര്‍ക്കായിരുന്നു അസുഖം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറാം തീയതി മുതല്‍ ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. ഇവര്‍ ആസ്പത്രി ജീവനക്കാരോടും ചികിത്സാ രീതികളോടും നല്ല രീതിയിലാണ് സഹകരിച്ചിരുന്നതെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു. 

അതേസമയം, ഇറ്റലിയില്‍ നിന്ന് എത്തിയ ശേഷം പൊതുവേദികളില്‍ എത്തിയത് അറിവില്ലായ്മ കൊണ്ടാണെന്ന് കുടുംബം പറഞ്ഞു. ജീവനോടെ മടങ്ങാമെന്ന് കരുതിയില്ലെന്നും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും എല്ലാവര്‍ക്കും നന്ദിയെന്നും രോഗം മാറി വീട്ടിലേക്ക് മടങ്ങുന്ന കുടുംബം പറഞ്ഞു.

ഇവരെ വീട്ടിലേക്ക് മാറ്റുന്നതിന്റെ മുന്നോടിയായി ആരോഗ്യപ്രവര്‍ത്തകരും ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരുടെ വീടും പരിസരവും അണുവിമുക്തമാക്കിയിട്ടുണ്ട്. വീട്ടില്‍ എത്തിയാലും പതിനാല് ദിവസം ഇവര്‍ ക്വാറന്റൈനില്‍ തുടരേണ്ടിവരും. കളക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരം മധുരവും പാചകത്തിനാവശ്യമായ ഭക്ഷ്യസാമഗ്രികളും നല്‍കിയാണ് ഇവരെ യാത്രയാക്കിയത്. 

 സമ്മാനങ്ങള്‍ നല്‍കിയാണ് ആസ്പത്രി ജീവനക്കാര്‍ ഇവരെ യാത്രയാക്കിയത്. കേക്ക്, ഇന്ന് രാത്രിയിലേക്കുള്ള ഭക്ഷണം, നാളെ ആഹാരം പാകം ചെയ്ത് കഴിക്കാന്‍ ആവശ്യമായ ധാന്യങ്ങളും പച്ചക്കറികളും ഒക്കെ അടങ്ങുന്ന കിറ്റാണ് സമ്മാനമായി നല്‍കിയത്. നഴ്‌സ്മാരും ആരോഗ്യപ്രവര്‍ത്തകരും ഇവരെ യാത്രയാക്കാന്‍ ആസ്പത്രിയുടെ പുറത്ത് എത്തിയിരുന്നു. 

രോഗവിമുക്തരായി വീട്ടിലേക്ക് തിരിച്ചെത്തിയാലും പതിനാലു ദിവസത്തെ ക്വാറന്റൈനില്‍പാലിക്കേണ്ട എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഇവര്‍ പാലിക്കേണ്ടതായിട്ടുണ്ട്. ഇവരെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ മുന്നോടിയായി ഇവരുടെ വീടിന്റെ തൊട്ടടുത്തായി താമസിക്കുന്നവര്‍ക്കെല്ലാം പ്രത്യേകം ജാഗ്രതാ നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും നല്‍കിയിട്ടുണ്ട്. 

വിദേശത്ത് നിന്ന് എത്തിയ വിവരം മറച്ചുവച്ച് ഇവര്‍ കൊറോണ പരത്താന്‍ ശ്രമിച്ചു എന്ന ധാരണയില്‍ നാട്ടുകാരില്‍ നിന്നും ഈ കുടുംബത്തിന് കടുത്ത വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഇവരുടെ അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കും പ്രത്യേകം ബോധവല്‍ക്കണം നല്‍കിയത്. 

അതേസമയം കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ നീണ്ട പരിശ്രമം വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് പത്തനംതിട്ട ജില്ലാ ആസ്പത്രിയിലെ ജീവനക്കാര്‍. ആസ്പത്രിയിലെ ഡോക്ടര്‍മാര്‍  അടക്കമുള്ള നൂറോളം ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ നല്ല വാര്‍ത്ത എന്ന് പത്തനംതിട്ട ജനറല്‍ ആസ്പത്രി സൂപ്രണ്ട് പറഞ്ഞു.  

രോഗം ഭേദമായി ആസ്പത്രി വിട്ടെത്തുന്ന ഇവര്‍ക്ക് യാതൊരു തരത്തലുള്ള മാനസിക സംഘര്‍ഷവും നല്‍കരുതെന്നും പകരം പ്രത്യേകം കരുതല്‍ നല്‍കണമെന്നും ബോധവല്‍ക്കരണ പരിപാടിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ആകെ ഏഴായിരത്തി എഴുന്നൂറ്റി മുപ്പത്തിമൂന്ന് പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.

content highlight: five persons left hospital overcoming coronavirus disease in pathanamthitta