കോഴിക്കോട്: കൊറോണ വ്യാപനത്തിനൊപ്പം സാമൂഹികമാധ്യമങ്ങളിൽ വ്യാജവാർത്തകളും അനുനിമിഷം പ്രചരിക്കുകയാണ്. പഴയ വീഡിയോകൾ കുത്തിപ്പൊക്കിയും മരിക്കാത്തവരെ കൊന്നുമെല്ലാം വ്യാജവാർത്തകൾ പടച്ചുവിടുകയാണ് ചിലർ. അത്തരത്തിലുള്ളൊരു വ്യാജവാർത്തകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് യു.എ.ഇ.യിലെ മലയാളി ഡോക്ടറായ റിയാസ് ഉസ്മാൻ. കൊറോണ രോഗികളെ ചികിത്സിക്കുന്നതിനിടെ മരിച്ച ഡൽഹിയിലെ ഡോക്ടറെന്ന പേരിലാണ് പൊന്നാനി സ്വദേശി റിയാസ് ഉസ്മാന്റെ ചിത്രം പ്രചരിച്ചത്. ഡൽഹിയിൽ അങ്ങനെയൊരു സംഭവമേ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണ് സത്യം.

ദിവസങ്ങൾക്കുമുമ്പ് പാകിസ്താനിൽ ഉസാമ റിയാസ് എന്ന ഡോക്ടർ കൊറോണ വൈറസ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചിലർ ഡൽഹിയിലെ ഉസ്മാൻ റിയാസ് എന്ന ഡോക്ടർ മരിച്ചെന്ന വ്യാജ വാർത്ത സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അതിനൊപ്പം നൽകിയ ചിത്രം പൊന്നാനിക്കാരനായ റിയാസ് ഉസ്മാന്റേതും. റിയാസിന്റെ ആശുപത്രി വെബ്‌സൈറ്റിലെ ഫോട്ടോയാണ് ഇവർ ഉപയോഗിച്ചത്. ഫോട്ടോയ്ക്കൊപ്പം പൂച്ചെണ്ടുകൾ എഡിറ്റ് ചെയ്ത് ചേർക്കുകയും ചെയ്തു. ഉത്തരേന്ത്യയിൽനിന്നും കർണാടകയിൽനിന്നുമുള്ള ചില ഫെയ്‌സ്ബുക്ക് പേജുകളിൽ പങ്കുവെച്ച ഈ വ്യാജവാർത്ത നിരവധിപേരാണ് ഷെയർ ചെയ്തത്.

ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിൽ മാത്രമല്ല, വാട്‌സാപ്പിലും ടിക് ടോകിലും വരെ ഈ ചിത്രവും വ്യാജവാർത്തയും പ്രചരിക്കുന്നുണ്ടെന്ന് ഡോ. റിയാസ് ഉസ്മാൻ മാതൃഭൂമിയോട് പറഞ്ഞു. അപ്പാർട്ട്‌മെന്റിലെ സൂപ്പർവൈസറായ ഒരു മലയാളി ഭാര്യയെ വിളിച്ചുപറയുമ്പോഴാണ് താൻ സംഭവമറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി സ്വദേശിയായ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റാണ് അപ്പാർട്ട്‌മെന്റിലെ സൂപ്പർവൈസറോട് കാര്യം തിരക്കിയത്. ഇവിടെ താമസിക്കുന്ന ഡോക്ടറാണല്ലോ കൊറോണ ബാധിച്ച് മരിച്ചതെന്നായിരുന്നു അയാളുടെ ചോദ്യം. ഇതുകേട്ടാണ് സൂപ്പർവൈസറായ മലയാളി കാര്യം പറഞ്ഞത്. ഒപ്പം പ്രചരിക്കുന്ന വ്യാജവാർത്തയുടെ സ്‌ക്രീൻഷോട്ടുകളും അയച്ചുതന്നു.

പിറ്റേദിവസം രാവിലെ യു.എസിൽനിന്നടക്കം സുഹൃത്തുക്കൾ വിളിച്ചു. വ്യാജവാർത്ത വ്യാപകമായി പ്രചരിച്ചെന്ന് മനസ്സിലായതോടെ ഓരോ ഫെയ്‌സ്ബുക്ക് പോസ്റ്റിലും പോയി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അതുകൊണ്ടൊന്നും പോസ്റ്റുകൾ ഒഴിവായില്ലെന്നും വീണ്ടും വ്യാപകമായി പ്രചരിച്ചെന്നും റിയാസ് ഉസ്മാൻ പറയുന്നു.

ചിത്രം വ്യാപകമായി പ്രചരിച്ചതോടെ രോഗികളടക്കം കാര്യം തിരക്കി വിളിച്ചു. ആശുപത്രിയിലും ആളുകൾ വിളിച്ചു ചോദിച്ചു. തുടർന്ന് ആശുപത്രി മാനേജ്‌മെന്റിനെ വിവരമറിയിച്ചെന്നും സംഭവത്തിൽ വേണ്ട നിയമനടപടി സ്വീകരിക്കുമെന്നും റിയാസ് ഉസ്മാൻ വ്യക്തമാക്കി. നേരത്തേ കേരളത്തിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം 2016 മുതൽ യു.എ.ഇ. യിലുണ്ട്.