തിരുവനന്തപുരം:  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്സിന്റെ സേവന ക്യാംപെയിനായ യൂത്ത് കെയറിന്റെ ഭാഗമായി ഓണ്‍കോള്‍ എന്ന പരിപാടി ആരംഭിച്ചു. കോവിഡ് ബാധിതരും ഐസലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരും ക്വാറന്റൈന്‍ ചെയ്യപ്പെട്ടവരും അടക്കം മാനസിക സമര്‍ദ്ദത്തില്‍ കഴിയുന്ന ആളുകള്‍ക്കും അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശ്വാസമായി വിവിധ മേഖലകളിലെ പ്രശസ്തരുടെ അപ്രതീക്ഷിത ഫോണ്‍ കോള്‍ എത്തുന്ന പരിപാടിയാണ് ഓണ്‍ കോള്‍.

നിവിന്‍ പോളിയായിരുന്നു ഓണ്‍കോള്‍ പരിപാടിയില്‍ ആദ്യ അതിഥിയായിയെത്തിയത്. കേരളത്തില്‍ ഏറ്റവും അധികം കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ജില്ല സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഗണേഷിനോടാണ് ആദ്യം സംസാരിച്ചത്. രണ്ടാമത്തെ കോള്‍ അവിടുത്തെ തന്നെ സ്റ്റാഫ് നേഴ്‌സ് ദിവ്യക്ക് ആയിരുന്നു.

ഐസൊലേഷനില്‍ കഴിയുന്ന കാസര്‍ഗോട്ടെ പത്താം ക്ലാസ്സുകാരി, തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന വണ്ടൂര്‍ സ്വദേശി, ക്വാറന്റീനില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിനി, ഇറ്റലിയില്‍ നിന്ന് രോഗം പിടിപെട്ട് നാട്ടിലെത്തിയ ധനേഷ്, സര്‍ക്കാര്‍ നിര്‍ദേശാനുസരണം ദുബായില്‍ പോയി മടങ്ങിയെത്തിയതാണ് കൊല്ലത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍, ഡോക്ടറായ ദിയ, സോജു ജോഷ്വാ എന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ തുടങ്ങിയവരോടും നിവിന്‍ സംസാരിച്ചു.

ഓണ്‍കോളില്‍ അടുത്ത അതിഥി മഞ്ജു വാര്യര്‍ ആണ് . നാളെ മഞ്ജു വാര്യര്‍ ഓണ്‍കോളില്‍ പങ്കെടുക്കും.

 

Content Highlights: Nivin Pauly spoke to corona patients