തിരുവനന്തപുരം: കന്യാകുമാരിയിൽ ബുധനാഴ്ച രാവിലെ യാത്ര അവസാനിപ്പിച്ച വിവേക് എക്സ്‌പ്രസിനൊപ്പം ഇന്ത്യൻ റെയിൽവേയും നിശ്ചലമായി. കൊറോണ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ മാറുന്നതുവരെ ഇനി ചരക്ക് തീവണ്ടികൾ മാത്രം. യാത്രാതീവണ്ടികളെല്ലാം നിലച്ചു. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ തീവണ്ടികളിലൊന്നായ വിവേക് എക്സ്‌പ്രസിന് മറ്റൊരു വിശേഷണം കൂടി. കൊറോണയ്ക്ക് മുന്നിൽ പ്രതിരോധവുമായി ഇന്ത്യ നിശ്ചലമായപ്പോൾ അവസാനകണ്ണിയായി മാറിയത് ഈ തീവണ്ടിയാണ്. റെയിൽവേയെ നിശ്ചലമാക്കിയ അവസാനത്തെ തീവണ്ടിയായി വിവേക് എക്സ്‌പ്രസ്‌ മാറി.

ഞായറാഴ്ചത്തെ ജനതാ കർഫ്യൂ ആരംഭിക്കുന്നതിന് 55 മിന്നിട്ട് മുമ്പാണ് അസമിലെ ദിബ്രുഗാർഡിൽ നിന്നും വിവേക് എക്സ്‌പ്രസ് യാത്ര തുടങ്ങിയത്. 4025 കിലോമീറ്റർ പിന്നിടേണ്ട യാത്രയിൽ കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലൂടെയാണ് ഈ തീവണ്ടി കടന്നുപോകുന്നത്. ഇതിനിടെ തീവണ്ടികൾ നിർത്തിവച്ചുകൊണ്ട് തീരുമാനമെത്തി. അപ്പോഴുള്ള എക്സ്‌പ്രസ് തീവണ്ടികൾ യാത്ര അവസാനിപ്പിക്കാൻ അനുമതി നൽകിയിരുന്നു. വിവേക് എക്സ്‌പ്രസിനൊപ്പമുണ്ടായിരുന്ന തീവണ്ടികൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യാത്ര അവസാനിപ്പിച്ചു. വിവേക് എക്സ്‌പ്രസ്‌ ബുധനാഴ്ച പുലർച്ചെയാണ് പാലക്കാട്ട്‌ പ്രവേശിച്ചത്. ഉണ്ടായിരുന്ന യാത്രക്കാരെ പാലക്കാടും തൃശ്ശൂരുമായി ഇറക്കി. ഞായറാഴ്ച മുതൽ തീവണ്ടിയിൽ മറ്റുയാത്രക്കാരെ കയറ്റുന്നില്ലായിരുന്നു.

മറ്റു തീവണ്ടികൾ ഇല്ലാത്തതിനാൽ എങ്ങും വൈകിയതുമില്ല. ആർക്കുംവേണ്ടിയും കാത്ത് നിന്നതുമില്ല. സ്റ്റേഷനുകളെല്ലാം വിജനം. കന്യാകുമാരിയിൽ യാത്ര അവസാനിപ്പിച്ചതിനുപിന്നാലെ അവസാനതീവണ്ടിയും യാത്ര പൂർത്തിയാക്കിയ വിവരം ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

Content Highlight: vivek express: Indian Railways last passenger train reach destination