ന്യൂഡല്‍ഹി: കൊറോണവൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി 21 ദിവസത്തേക്ക് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് കൂടുതല്‍ ദിവസത്തേക്ക് നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. അത്തരം നീക്കമൊന്നുമില്ലെന്ന്‌ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഏപ്രില്‍ 14 വരെയാണ് നിലവില്‍ രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടേണ്ടിവരുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.

എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ ആശ്ചര്യപ്പെടുത്തുന്നുവെന്നുവെന്നും ലോക്ഡൗണ്‍ നീട്ടാനുള്ള ഒരു പദ്ധതിയും നിലവിലില്ലെന്നും രാജീവ് ഗൗബ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

അതേസമയം കോവിഡ് 19-നെ പൂര്‍ണമായി പ്രതിരോധിക്കുന്നതിന് ഇന്ത്യയില്‍ 49 ദിവസത്തെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് പഠനമുണ്ടായിരുന്നു. ഇന്ത്യന്‍ ജനതയുടെ പ്രായം, സാമൂഹ്യമായ ഇടപെടല്‍ രീതികള്‍, ജനസംഖ്യ തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പഠനത്തിലാണ് ഇത്തരമൊരു നിഗമനമുള്ളത്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണ്‍കൊണ്ട് വൈറസ് ബാധയില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു.

Content Highlights: there is no such plan of extending the lockdown-Cabinet Secretary Rajiv Gauba