ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ മാറ്റി താമസിപ്പിക്കാന്‍ 5 സ്റ്റാര്‍ ഹോട്ടലുകള്‍. പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ചിലവിലാണ് 5 സ്റ്റാര്‍ ഹോട്ടലുകള്‍ സജ്ജമാക്കിയത്. 

ലോക് നായ്ക്, ജിബി പന്ത് എന്നീ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെ താമസിപ്പിക്കാന്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ ലളിത് ആഡംബര ഹോട്ടലിലെ 100 മുറികള്‍ ബുക്ക് ചെയ്തതായി ഡല്‍ഹി ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

കൊറോണ വാര്‍ഡില്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ നിരീക്ഷണത്തില്‍ താമസിപ്പിക്കാന്‍ ലക്‌നൗവിലെ നാല് 5 സ്റ്റാര്‍ ഹോട്ടലുകളാണ് യുപി ഗവണ്‍മെന്റ് ഏര്‍പ്പാടാക്കിയത്. ജോലി സമയത്തിന് ശേഷം എല്ലാ മെഡിക്കല്‍ ജീവനക്കാരേയും നേരെ ഹോട്ടലുകളിലേക്കെത്തിക്കും. 

ലക്‌നൗവിന് പുറമേ മറ്റ് ജില്ലകളിലെ ഹോട്ടല്‍ ഉടകള്‍ക്കും അടിയന്തര സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാരെ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയില്‍ ഇതുവരെ 72 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിച്ചു. യുപിയില്‍ 65 പേരാണ് വൈറസ് ബാധയില്‍ ചികിത്സയിലുള്ളത്.

content highlighs; 5-star hotels to lodge medical staff fighting Covid-19