തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 32 പേര്‍ക്ക്. കൊറോണ അവലോകനയോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതില്‍ 17 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 15പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊറോണ ബാധിച്ചത്. കാസര്‍കോട്ട് 15 പേര്‍ക്കും കണ്ണൂര്‍ 11 പേര്‍ക്കും വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ രണ്ടുവീതം പേര്‍ക്കും രോഗബാധയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 213 ആയി.

1,57,253 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,56,660 പേര്‍ വീടുകളിലാണുള്ളത്. 623 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. തിങ്കളാഴ്ച മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. 

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീര്‍ഘിപ്പിച്ചതായി പി.എസ്.സി. അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

content highlights: chief minister pinarayi vijayan press meet over corona cases in kerala