ടോക്യോ: കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ നീട്ടിവെച്ച ടോക്യോ ഒളിംപിക്‌സിന്റെ തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്‌സ്, ഓഗസ്റ്റ് എട്ടിന് അവസാനിക്കും. 2021ലാണ് നടക്കുന്നതെങ്കിലും ടോക്യോ 2020 ഒളിംപിക്‌സ് എന്ന പേരിലാകും ഒളിംപിക്‌സ് അറിയപ്പെടുക.

ടോക്യോ പാരാലിംപിക്‌സിന്റെ തീയതിയും പ്രഖ്യാപിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന പാരാലിംപിക്‌സ് അടുത്ത വര്‍ഷം 24 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ നടക്കും. തിങ്കളാഴ്ച അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയും പ്രാദേശിക സംഘാടകരും പുതുക്കിയ തീയതി അംഗീകരിച്ചു. 

നാലരമാസംകൂടി ബാക്കിയുള്ളതിനാല്‍ ഒളിംപിക്‌സ് മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടതില്ലെന്നായിരുന്നു ഐഒസിയും ജപ്പാനും നേരത്തെ നിലപാട് എടുത്തിരുന്നത്. എന്നാല്‍ കാനഡയും ഓസ്‌ട്രേലിയയും പിന്‍മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഒളിംപിക്‌സ് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂലൈ 14ന് ആരംഭിക്കേണ്ട ഒളിംപിക്‌സ് ഒരു വര്‍ഷത്തേക്ക് നീട്ടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 

ഇതാദ്യമായാണ് ഒളിംപിക്‌സ് വൈകി നടത്തുന്നത് ഇതാദ്യമാണ്. ഒന്നാം ലോക മഹായുദ്ധം കാരണം 1916ലും രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 1940, 1944 വര്‍ഷങ്ങളിലും ഒളിംപിക്‌സ് റദ്ദാക്കിയിട്ടുണ്ട്.

Content Highlights: Tokyo Olympics 2020 to be held from July 23 to August 8 after 1-year delay due to coronavirus