ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ജവഹര്‍ ലാല്‍ നെഹ്‌റുവിനെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് അനുകൂലമായ നിലപാടായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു സ്വീകരിച്ചിരുന്നതെന്ന് മോദി ലോക്‌സഭയില്‍ പറഞ്ഞു. ഞാന്‍ കോണ്‍ഗ്രസിനോട് ചോദിക്കാന്‍ ആഗ്രഹിക്കുകയാണ് പണ്ഡിറ്റ് നെഹ്‌റു വര്‍ഗീയവാദിയായിരുന്നോ? അദ്ദേഹം ഹിന്ദുരാഷ്ട്രം ആവശ്യപ്പെട്ടിരുന്നോ- പ്രധാനമന്ത്രി ചോദിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. 

1950ലെ നെഹ്‌റു-ലിയാഖത്ത് കരാര്‍ ഇന്ത്യയിലെയും പാകിസ്താനിലെയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. മതന്യൂനപക്ഷങ്ങളെ കുറിച്ച് ഈ കരാറില്‍ പരാമര്‍ശിക്കുന്നുണ്ട്. നെഹ്‌റു ഒരു വലിയ ചിന്തകനായിരുന്നു. എന്നിട്ടുമെന്തേ അദ്ദേഹം അവിടുത്തെ മുഴുവന്‍ ആളുകളെയും കരാറില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തിയത്? ഞങ്ങള്‍ ഇന്നു പറയുന്നത് നെഹ്‌റു അന്നു പറഞ്ഞതു തന്നെയായിരുന്നു- മോദി കൂട്ടിച്ചേര്‍ത്തു. 

പ്രസംഗത്തിനിടെ പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് പരാമര്‍ശിച്ചപ്പോഴാണ് നെഹ്‌റുവിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. ഏതു മതത്തില്‍പ്പെട്ടതാണെങ്കിലും ഒരു ഇന്ത്യക്കാരനെയും പൗരത്വ നിയമ ഭേദഗതി ബാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights: was nehru communal asks prime minister narendra modi