തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരായ കുറ്റപത്രത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. തെളിവു നശിപ്പിക്കാന്‍ ശ്രീറാം ശ്രമിച്ചത് അക്കമിട്ട് നിരത്തുന്നതാണ് കുറ്റപത്രം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് പോലും ശ്രീറാം രക്തമെടുക്കാന്‍ സമ്മതിച്ചില്ലെന്നും രക്തം എടുക്കുന്നത് മനഃപൂര്‍വം വൈകിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

ബഷീര്‍ മരിക്കാന്‍ ഇടയായ അപകടത്തിനു പിന്നാലെ തെളിവു നശിപ്പിക്കാന്‍ ശ്രീറാം ശ്രമിച്ചിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് കുറ്റപത്രത്തിലുള്ളത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും കുറ്റപത്രത്തിലുണ്ട്. അപകടം നടന്നതിനു പിന്നാലെ പോലീസ് എത്തിയപ്പോള്‍, താനല്ല ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാം പറഞ്ഞത്. 

ബഷീറിനെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ ശ്രീറാമിനെ മ്യൂസിയം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. തനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ശ്രീറാം അവിടെവെച്ച് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ ശ്രീറാമിന്റെ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍ ശ്രമിച്ചു. എന്നാല്‍ രക്തം പരിശോധിക്കാന്‍ ശ്രീറാം സമ്മതിച്ചില്ല. ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നിട്ടും പരിശോധനയ്ക്ക് ശ്രീറാം സമ്മതിച്ചില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഈ സമയത്ത് ശ്രീറാമിന്റെ സുഹൃത്തായ മറ്റൊരു ഡോക്ടര്‍ അവിടെ എത്തിച്ചേരുകയും മെഡിക്കല്‍ കോളേജിലേക്കാണെന്നു പറഞ്ഞ് കിംസ് ആശുപത്രിയിലേക്ക് പോവുകയുമായിരുന്നു. പോലീസിന്റെ അറിവില്ലാതെയായിരുന്നു ഇത്. അവിടെയെത്തിയ ശേഷം അപകടവുമായി ബന്ധപ്പെട്ട് തെറ്റായ വിവരമാണ് ശ്രീറാം നല്‍കിയത്. 

കാര്‍ മതിലില്‍ ഇടിച്ച് തനിക്ക് പരിക്കേറ്റുവെന്നാണ് കിംസിലെ ഡോക്ടര്‍മാരോട് ശ്രീറാം പറഞ്ഞത്. ഇവിടെയും ചികിത്സയുടെ ഭാഗമായി രക്തം എടുക്കുന്നതിന് ശ്രീറാം വിസമ്മതിച്ചിരുന്നു. ഇതിനെയെല്ലാം സാധൂകരിക്കുന്ന വിധത്തിലുള്ള തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെയും കിംസ് ആശുപത്രിയിലെയും സാക്ഷി മൊഴികളും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. 

അപകടസമയത്ത് ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചതെന്ന കാര്യം, ശാസ്ത്രീയമായ തെളുവുകളുടെയും ഡോക്ടര്‍മാരുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ വ്യക്തമാണെന്ന് കുറ്റപത്രം പറയുന്നു. നൂറുകിലോമീറ്ററിനു മുകളില്‍ വേഗത്തിലാണ് കാര്‍ ഓടിച്ചതെന്നും ആ സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നെന്നും കുറ്റപത്രത്തില്‍ വ്യക്തമാണ്. മദ്യപിച്ചിരുന്ന ശ്രീറാമിന് വാഹനം ഒാടിക്കാന്‍ അനുവദിച്ചു എന്നതാണ് വഫാ ഫിറോസിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.

content highlights: chargesheet against sriram venkitaraman