ന്യൂഡല്‍ഹി:  പൗരത്വ നിയമ ഭേദഗതിക്കെതിരായി ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന റാലിയില്‍ ക്ഷമയും സ്ഥിരോത്സാഹവും ആവശ്യമാണെന്ന് വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ച് ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപ്. 

'അക്രമത്തിലൂടെയല്ല ക്ഷമയിലൂടെയാണ് യുദ്ധത്തില്‍ പോരാടേണ്ടത്. അതാണ് താക്കോല്‍. അത് ഒരു ദിവസം കൊണ്ടോ രണ്ടുദിവസം കൊണ്ടോ നടക്കില്ല. നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതുവരെ നാം കരുത്തരായി നിലകൊള്ളണം.' കശ്യപ് പറഞ്ഞു.

പരൗത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ തനിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇതൊരു നീണ്ട പോരാട്ടമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മളെല്ലാം ഒന്നിച്ചാണ്. നിങ്ങളില്‍ പലരും  അത്ഭുതപ്പെടുന്നുണ്ടാവും എന്താണ് കൂടുതല്‍ പേര്‍ നിങ്ങള്‍ക്ക് പിന്തുണയുമായി എത്താത്തതെന്ന്. പക്ഷേ അവര്‍ നിശബ്ദരാണെങ്കിലും നിങ്ങള്‍ക്കൊപ്പമാണെന്ന് ഉറപ്പുതരുന്നുണ്ട്. നമുക്കെല്ലാവര്‍ക്കും കാണാന്‍ കഴിയും ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന്.

വിവാദ നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്തെ ഐക്യത്തിന്റെ ഒരു സൂചന ലോകത്തിന് നല്‍കിയിട്ടുണ്ടെന്നും കശ്യപ് അവകാശപ്പെട്ടു. 'ജാമിയ മുതല്‍ ജെഎന്‍യു വരെ, പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിച്ചു.പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ആദ്യമായി നാം ഒന്നാണെന്ന് അനുഭവപ്പെടുത്തി. നമ്മുടെ രാജ്യത്തെയും ഭരണഘടനയെയും നാം തിരിച്ചെടുക്കണം.'ഇന്‍ക്വിലാബ്' സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചാണ് കശ്യപ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിവാദ വിഷയമായിരുന്ന 'ബിരിയാണി'യും കഴിച്ചാണ് അനുരാഗ് കശ്യപ് മടങ്ങിയത്. 

Content Highlights: 'Our battle will have to be fought with patience, not violence. It is key'- Anurag Kashyap