ചൈനീസ് കമ്പനിയായ വാവേയ്ക്കും വിവിധ അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ പുതിയ ക്രിമിനല്‍ കേസുകളുമായി അമേരിക്കന്‍ നീതി വകുപ്പ്. അമേരിക്കന്‍ വിപണിയിലെ എതിരാളികളില്‍ നിന്നും കച്ചവട രഹസ്യങ്ങള്‍ മോഷ്ടിച്ചുവെന്നാണ് വാവെയ്‌ക്കെതിരെയുള്ള പുതിയ ആരോപണം. 

2009 ല്‍ ടെഹ്‌റാനില്‍ നടന്ന ഇറാന്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവരെ നിരീക്ഷിക്കാന്‍ നിരീക്ഷണ ഉപകരണം വാവേ ഇറാന് നല്‍കിയെന്നും സാമ്പത്തിക ഉപരോധമുണ്ടായിട്ടും ഉത്തരകൊറിയയില്‍ നടത്തി വന്ന ബിസിനസ് വാവേ മറച്ചുവെച്ചുവെന്നും അമേരിക്ക ആരോപിച്ചു. 

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ട്രംപ് ഭരണകൂടം വാവേയ്‌ക്കെതിരെ ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ വാവേയ്ക്ക് വാണിജ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇറാനെതിരെയുള്ള ഉപരോധം നിലനില്‍ക്കെ ആ രാജ്യവുമായുള്ള ഇടപാടുകള്‍ ബാങ്കുകളില്‍ നിന്നും മറച്ചുവെച്ചു എന്നകുറ്റവും നേരത്തെ കമ്പനിയ്‌ക്കെതിരെ ചുമത്തിയിരുന്നു.

ഇതിനിടെ ബ്രൂക്‌ലിനിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കൊണ്ടുവന്ന പുതിയ കുറ്റപത്രം അമേരിക്കയില്‍ വാവേയുടെ സ്ഥിതി പരുങ്ങലിലാക്കുന്നു. കച്ചവട രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് പുതിയതായി ആരോപിക്കപ്പെടുന്ന കുറ്റം. ഇതിനായി എതിരാളികളായ കമ്പനികളില്‍ നിന്നുള്ളവരെ വാവേ ജോലിക്കെടുത്തുവെന്നും അമേരിക്ക ആരോപിച്ചു. കച്ചവട രഹസ്യങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ച് സിയാറ്റിലിലെ പ്രോസിക്യൂട്ടര്‍മാരും പ്രത്യേകം പരാതി നല്‍കിയിട്ടുണ്ട്. 

ആന്റിന, റോബോട്ട് ടെസ്റ്റിങ് സാങ്കേതികവിദ്യ, ഇന്റര്‍നെറ്റ് റൂട്ടറുകളുടെ മാന്വലുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇങ്ങനെ ചോര്‍ത്തിയിട്ടുണ്ട്. ഗവേഷണ, വികസന പ്രക്രിയയ്ക്കായുള്ള ചിലവ് ചുരുക്കുന്നതിനാണ് മറ്റ് കമ്പനികളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചതെന്നും നീതി വകുപ്പ് ആരോപിച്ചു. 

എന്നാല്‍ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് വാവേ പ്രതികരിച്ചു. കഴിഞ്ഞ 20 വര്‍ഷക്കാലത്തിനിടെ ഉയര്‍ന്നുവന്ന തര്‍ക്കങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ് അമേരിക്ക ചെയ്യുന്നതെന്നും മുമ്പ് തീര്‍പ്പാക്കപ്പെടുകയും കേസാവുകയും ജഡ്ജിമാര്‍ തള്ളിക്കളയുകയും ചെയ്തവയാണ് അവയില്‍ പലതുമെന്നും വാവേ പറഞ്ഞു. 

ഈ ആരോപണങ്ങളില്‍ സര്‍ക്കാര്‍ വിജയിക്കില്ല. അത് അടിസ്ഥാന രഹിതവും അന്യായവുമാണെന്ന് തങ്ങള്‍ തെളിയിക്കുമെന്നും വാവേ വ്യക്തമാക്കി.

Content Highlights: US brings new criminal conspiracy cases against Huawei