തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കെന്ന് പറഞ്ഞ് സ്വരൂപിച്ച പണം കരുണ ഫൗണ്ടേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ലെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഒ രാജഗോപാല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി കരുണ ഫൗണ്ടേഷന്‍ കൊച്ചിയില്‍ സംഗീതപരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്ന് സ്വരൂപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടില്ലെന്നാണ് ആരോപണം

നവംബര്‍ ഒന്നിനാണ് കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഗീത പരിപാടി സംഘടിപ്പിച്ചത്. ഇതില്‍ സ്വരൂപിച്ച പണം ഇതുവരെയും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. സംഭവത്തില്‍ ഈ സംഘടനയെക്കുറിച്ചും ഫണ്ടിനെക്കുറിച്ചും അടയന്തിരമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കണമെന്നാണ് ഒ.രാജഗോപാല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.

കത്തിന്റെ പകര്‍പ്പ് ഒ.രാജഗോപാല്‍ എം.എല്‍ എ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. അതേസമയം മാര്‍ച്ച് 31ന് മുമ്പ് പണം അടയ്ക്കുമെന്ന് പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി 

 

Content Highlights: CMDRF not paid money raised through concert; O Rajagopal writes to CM seeking probe