ന്യൂഡൽഹി: തൊഴിലാളികൾക്കുള്ള പ്രസവാനുകൂല്യം ഇ.എസ്.ഐ. 7500 രൂപയാക്കി. കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഇ.എസ്.ഐ. കോർപ്പറേഷൻ യോഗത്തിലാണ് തീരുമാനം.

ഇ.എസ്.ഐ.യുടേതല്ലാത്ത ആശുപത്രികളിൽ നടക്കുന്ന പ്രസവങ്ങൾക്കുള്ള ആനുകൂല്യമാണ് കൂട്ടിയത്. നിലവിൽ 5000 രൂപയാണിത്. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്തുശതമാനം സംവരണം ഇ.എസ്.ഐ. കോർപ്പറേഷനും നടപ്പാക്കും. അടുത്ത അധ്യയനവർഷംമുതൽ ഇ.എസ്.ഐ. മെഡിക്കൽ സ്ഥാപനങ്ങളിലൊക്കെ ഇതു നടപ്പാവും.

കേരളത്തിലേതടക്കം രാജ്യത്തെ 531 ജില്ലകളിൽ പ്രാദേശിക നിരീക്ഷണസമിതികളുണ്ടാക്കും. തൊഴിലുടമ, തൊഴിലാളി, സർക്കാർ പ്രതിനിധികൾ ഉൾപ്പെട്ടതാണ് ഈ സമിതി. ഇ.എസ്.ഐ. പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളെല്ലാം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പ്രശ്നങ്ങൾ സമയത്ത്‌ പരിഹരിക്കാനും സമിതി സഹായിക്കുമെന്നാണു വിലയിരുത്തൽ.

ഇ.എസ്.ഐ. ആനുകൂല്യങ്ങൾക്കുള്ള വേതനപരിധി 21,000 രൂപയുള്ളത് 25,000 രൂപയാക്കി ഉയർത്തണമെന്ന് യോഗത്തിൽ ബോർഡംഗം വി. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഈ പരിധിക്കുപുറമേ, തൊഴിലാളികൾക്ക് ആജീവനാന്ത ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വിശദചർച്ചയ്ക്കുശേഷം തീരുമാനിക്കാമെന്നു തൊഴിൽമന്ത്രി മറുപടിനൽകി.

content highlights; ESIC to hike confinement expenses for maternity services to Rs 7,500