ന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരേ മുഖംമൂടി ആക്രമണം നടത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ ഒളിവിലാണെന്ന് ഡല്‍ഹി പോലീസ്. കോമള്‍ ശര്‍മ്മ, രോഹിത് ഷാ, അക്ഷത് അവാസ്തി എന്നിവര്‍ ഒളിവിലാണെന്ന് ഡല്‍ഹി പോലീസിനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

അക്രമി സംഘത്തിലെ മുഖംമൂടി ധാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണം സംഘം തിരിച്ചറിഞ്ഞിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ പ്രതിക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചതായും പോലീസ് അറിയിച്ചിരുന്നു. അതേസമയം ഈ വിദ്യാര്‍ഥിനിയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ ഒളിവില്‍ പോയെന്ന് സ്ഥിരീകരിച്ച പ്രതികളില്‍ ഒരാള്‍ ഇവരാണെന്നാണ് സൂചന.

സര്‍വ്വകലാശാല സെര്‍വറില്‍നിന്ന് അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാന്‍ ഫോറന്‍സിക് സംഘം ചൊവ്വാഴ്ച കാമ്പസിലെത്തിയിരുന്നു. ബുധനാഴ്ചയും സംഘം കാമ്പസിലെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. 

പോലീസിന്റെ ആദ്യ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്പത് പേരില്‍ ഇടത് വിദ്യാര്‍ഥി നേതാവും ജെഎന്‍യു പ്രസിഡന്റുമായ ഐഷി അടക്കം മൂന്ന് പേരെ കഴിഞ്ഞ ദിവസം കാമ്പസിലെത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ആദ്യ പ്രതിപ്പട്ടികയിലുള്ള ഒമ്പത് പേരില്‍ അഞ്ച് പേര്‍ ഇടത് സംഘടനാ പ്രവര്‍ത്തകരും രണ്ട് പേര്‍ എബിവിപി പ്രവര്‍ത്തകരും രണ്ട് പേര്‍ കാമ്പസിന് പുറത്തുനിന്നുള്ളവരാണെന്നും നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. 

ഇതിന് പുറമേ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അറുപത് പേരില്‍ 37 പേരെയും പോലീസ് തിരിച്ചറിഞ്ഞിരുന്നു. ആക്രമണത്തിന് ആസൂത്രണം ചെയ്തുവെന്ന് സംശയിക്കുന്ന ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ്, യുണിറ്റി എഗെന്‍സ്റ്റ് ലെഫ്റ്റ് എന്നീ രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ചൊവ്വാഴ്ച പോലീസിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Content Highlights; 3 Suspects in JNU Violence Absconding