ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് ഭീകരര്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഉന്നത പോലീസ് ഉദ്യോഗസ്ഥന് സംരക്ഷണം നല്‍കുന്നത് ആരാണെന്നും അത് എന്തിനുവേണ്ടിയാണെന്നും രാഹുല്‍ ചോദിച്ചു.

എത്ര ഭീകരര്‍ക്ക് ദേവീന്ദര്‍ സിങ്ങിന്റെ സഹായം ലഭിച്ചുവെന്ന് വ്യക്തമാകണം. പുല്‍വാമ ഭീകരാക്രമണത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടോ എന്നകാര്യവും വെളിപ്പെടണം. അതിവേഗ കോടതി സ്ഥാപിച്ച് വിചാരണ നടത്തി പോലീസ് ഉദ്യോഗസ്ഥന് കടുത്ത ശിക്ഷ നല്‍കണം. ഇന്ത്യക്കാരുടെ രക്തം കൈകളില്‍ പുരണ്ടിട്ടുള്ള മൂന്ന് ഭീകരര്‍ക്കാണ് ദേവീന്ദര്‍ സംരക്ഷണം നല്‍കിയത്. അവരെ ഡല്‍ഹിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയും ചെയ്തു. ആറു മാസത്തിനകം ദേവീന്ദര്‍ സിങ്ങിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ദേവീന്ദര്‍ സിങ്ങിന്റെ അറസ്റ്റ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്രയും ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണം. ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യങ്ങളിലും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘത്തിന് സംരക്ഷണം നല്‍കുന്നത് അടക്കമുള്ള സുപ്രധാന ചുമതലകളാണ് ദേവീന്ദര്‍ സിങ്ങിനെ ഏല്‍പ്പിച്ചിരുന്നത്. ആരുടെ നിര്‍ദ്ദേശാനുസരണമാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത് ? ഭീകരാക്രമണം ആസൂത്രണം ചെയ്യാന്‍ ഭീകരരെ സഹായിക്കുക എന്നത് രാജ്യദ്രോഹമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു.

Content Highlights: Rahul Gandhi questions silence of PM, home minister on J-K DySP Davinder Singh