പുലര്‍കാലെ എഴുന്നേറ്റു കുളിച്ചു കുറിയിടാന്‍ നോക്കിയപ്പോള്‍ കുറിപ്പാത്രം കാണുന്നില്ല.
''ഇനിയങ്ങോട്ട് കുറിയൊന്നും തൊടേണ്ട. ദാ ഇതങ്ങോട്ട്  തൊട്ടാല്‍ മതി.''    

പിന്നിലൊരു ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ മേശപ്പുറത്തു നല്ല സുന്ദരമായ സിന്ദൂരചെപ്പ്. സിന്ദൂരമെങ്കില്‍ സിന്ദൂരം. ഈ കെട്ട കാലത്ത് എന്തിനുമേതിനും ഒരു രക്ഷയൊക്കെ നല്ലതാണ്. പറ്റുമെങ്കില്‍ കണിയനെ ആളയച്ചു വരുത്തി ഒരു ചരടു കെട്ടിക്കണം. സിന്ദൂരം തൊട്ട  ശേഷം  നേരെ ഗോമാതാവിന്റെയുടത്തേക്കു പോയി കുമ്പിട്ടു തൊഴുതു. 

കറവക്കാരനെ പിരിച്ചുവിട്ടതുകാരണം മനഃസമാധാനമുണ്ട്. കറവയ്ക്കു കൂലി വേണ്ടെന്നും പാലില്‍ പകുതി തന്നാല്‍ മതിയെന്നും പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ നാട്ടില്‍ ഇങ്ങനെയും കറവക്കാരുണ്ടോ! പാലല്ല സ്വര്‍ണ്ണമാണ് പഹയന്‍ കൊണ്ടുപോയിരുന്നതെന്ന് മനസ്സിലാക്കാന്‍ സമയമെടുത്തു. ഇതിപ്പോള്‍ കറവക്കാരന്‍ പോയിട്ട് കൊല്ലമൊന്ന് തികഞ്ഞിട്ടില്ല. നല്ല പത്തരമാറ്റ് സ്വര്‍ണ്ണമാണ് കറന്നെടുക്കുന്നത്. സ്വര്‍ണ്ണക്കടക്കാരന്‍ ഈനാശുവുമായിട്ട് മൂന്നു കൊല്ലത്തേക്കുള്ള കരാര്‍ ദാ കഴിഞ്ഞ ദിവസമാണ് ഒപ്പിട്ടത്.

വെള്ളമൊഴിക്കാത്ത പാലില്‍ ഒരു ചായ രാവിലെ നിര്‍ബ്ബന്ധമായിരുന്നു. സംഗതി സ്വര്‍ണ്ണമാണെന്നറിഞ്ഞതോടെ അതു നിര്‍ത്തി. ശരിക്കും നോക്കിയാല്‍ കട്ടന്‍ചായയാണ് ഉത്തമം. രാവിലെ കട്ടനടിച്ചാല്‍ പത്രം വായിക്കണം. പത്രമെടുത്തു നിവര്‍ത്തിയതേയുള്ളു ... ദാ കിടക്കുന്നു വിവാദം. വെറും വിവാദമല്ല. പ്രധാനമന്ത്രി മോദിജിയുടെ ഡിഗ്രിയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. വിവാദത്തില്‍ തട്ടി ഈ നാട്ടിലിപ്പോള്‍ നടക്കാന്‍ വയ്യാതായിട്ടുണ്ട്.

വന്നു വന്ന് ഒന്നിനുമൊരു വ്യവസ്ഥയില്ലാതായിട്ടുണ്ട്. പ്രധാനമന്ത്രിയെന്നു വെച്ചാല്‍ ആരാണെന്നാണ് ഇവരുടെ വിചാരം. മോദിജിയെക്കുറിച്ച് അല്‍പമെങ്കിലും അറിവുള്ളവര്‍ ഇങ്ങനെയൊരു ആരോപണം ഈ ജന്മത്തില്‍ ഉന്നയിക്കില്ല. മോദിജിയുടെ ബിരുദവും ബിരുദാനന്തര ബിരുദവും കണ്ടെടുത്തിട്ട് ആര്‍ക്കെന്തു പ്രയോജനമാണു കിട്ടാനുള്ളത്. അല്ലെങ്കില്‍തന്നെ ഒരു ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും ഒതുങ്ങുന്ന ജീവിതമാണോ മോദിജിയുടേത്? മോദിജി വിറ്റ ചായക്കടയും ആ ചായ കുടിച്ചവരെയും കണ്ടെത്താന്‍ തന്നെ ഗവേഷണം നടക്കുന്നതിനിടയിലാണു വെറുമൊരു ഡിഗ്രിയെക്കുറിച്ച് ഇവിടെ പലര്‍ക്കും ഉറക്കമില്ലാത്തത്. കഷ്ടം തന്നെ മുതലാളി!

ആദ്യം പിടിക്കേണ്ടത് ആ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറെയാണ്. മോദിജിയുടെ ഡിഗ്രിയെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഉടനെ സര്‍വ്വകലാശാലയോടു വിവരം പുറത്തുവിടണമെന്നുപറയാന്‍ ഈ മാന്യദേഹം ആരുവാ? പുറംലോകമിതൊക്കെ അറിഞ്ഞാല്‍ നമ്മള്‍ ഇന്ത്യന്‍സിന്റെ ഇമേജ് എന്താവും? അതൊക്കെ ഗുജറാത്ത് ഹൈക്കോടതിയെ കണ്ടു പഠിക്കണം. മോദിജി എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ. എടുത്തതിന്റെ വിവരം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പോയി പണി നോക്കാന്‍ പറഞ്ഞു. മഹാന്മാരുടെ ഊരും പേരുമൊന്നും ചോദിക്കരുതെന്നാണ് പ്രമാണം.  

ഡെല്‍ഹി സര്‍വ്വകലാശാലയില്‍നിന്നു 1978-ല്‍  വിദൂര വിദ്യാഭ്യാസത്തിലൂടെയാണ് മോദിജി ബി.എ. ബിരുദം എടുത്തതെന്നാണു കേള്‍ക്കുന്നത്. ഇതിന്റെ വിവരമാണ് വിവരാവകാശ നിയമ പ്രകാരം ചില വിവരദോഷികള്‍ ആവശ്യപ്പെട്ടത്. വിവരമില്ലാത്തവര്‍ പലതും ചോദിക്കും . വിവരവും വിവേകവുമുള്ള ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ 2016-ല്‍ അതുകേട്ടു ചാടിപ്പുറപ്പെട്ടതാണ് അത്ഭുതം. ശ്രീധര്‍ ആചാര്യുലു എന്ന ഈ കമ്മീഷണര്‍ ഇപ്പോള്‍ എവിടയാണാവോ? അന്നു തോന്നിയ വിഡ്ഡിത്തത്തിന് ഏതു ഗംഗയില്‍ ഇറങ്ങിക്കുളിച്ചാലാവും ആചാര്യുലുവിന് മോക്ഷം കിട്ടുക.

1978-ല്‍ ബി.എ. ബിരുദം കിട്ടിയവര്‍, തോറ്റവര്‍, പരീക്ഷ എഴുതിയവര്‍ എന്നിവരുടെ മൊത്തം വിവരമാണ് വിവരദോഷികള്‍ ഡെല്‍ഹി സര്‍വ്വ കലാശാലയോട് ആവശ്യപ്പെട്ടത്. ഇങ്ങനെ വിവരം ചോദിക്കുന്നത് വിവരമില്ലായ്മയാണെന്ന് ചൂണ്ടിക്കാട്ടി ഡെല്‍ഹി സര്‍വ്വകലാശാല ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇതിനടയില്‍ സര്‍വ്വശ്രീ അമിത് ഷായും അരുണ്‍ ജെയ്റ്റ്ലിയും മോദിജിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഉയര്‍ത്തിക്കാട്ടി 2016 മെയില്‍ ഡെല്‍ഹിയില്‍ പത്രസമ്മേളനം നടത്തി. ബിരുദത്തിന്റെ കോപ്പികള്‍ ഈ നേതാക്കള്‍ പത്രക്കാര്‍ക്ക് കൈമാറിയതായി വിരമൊന്നുമുണ്ടായിരുന്നില്ല. കാണാതെ വിശ്വസിക്കുന്നവരാണ് ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്നതെന്നത്  പത്രക്കാര്‍ക്ക് അറിയില്ലെന്നത് ഈ നാടിന്റെ ശാപമാണ്.

സംഗതി അവിടെ തീരേണ്ടതായിരുന്നു. അപ്പോഴാണ് ഡെല്‍ഹി മുഖ്യന്‍ അരവിന്ദ്‌ കെജ്രിവാള്‍ മോദിജിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു പറഞ്ഞ് കോലാഹലമുണ്ടാക്കിയത്. 1978-ല്‍ ഡെല്‍ഹി സര്‍വ്വകലാശാലായില്‍നിന്നു ബിരുദമെടുത്തത് നരേന്ദ്ര മഹാവീര്‍ മോദി എന്ന രാജസ്ഥാന്‍കാരനാണെന്നാണ് കെജ്രിയദ്യേം വെച്ചുകാച്ചിയത്. പറയുന്നത് വേറെയാരെക്കുറിച്ചായാലും സഹിക്കാം. ഒരൊറ്റ അവധി പോലും എടുക്കാതെ ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും കൊല്ലത്തില്‍ 365 ദിവസവും (ഫെബ്രുവരിക്ക് 29 ദിവസങ്ങളുള്ള കൊല്ലം മോദിജി എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് ചില അന്തം കമ്മികള്‍ വന്നേക്കും. അവരെയൊന്നും ഗൗനിക്കേണ്ട കാര്യമില്ല.)  ഇന്ത്യ - ഇന്ത്യാക്കാര്‍ എന്ന് മാത്രം ചിന്തിക്കുന്ന നമ്മുടെ മോദിജിയെക്കുറിച്ചാണ് ഈ കൊള്ളരുതായ്മ കെജ്രിയദ്യേം പറയുന്നതെന്നോര്‍ക്കുമ്പോള്‍ ചങ്ക് കലങ്ങാതിരിക്കുന്നതെങ്ങിനെയാണ്.

രസമതല്ല. നമ്മുടെ മേല്‍പറഞ്ഞ ആചാര്യുലു സാര്‍ വീണ്ടും ഇടപെട്ടു. കെജ്രിയെദ്യേം അയച്ച കത്ത് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയായി കണക്കാക്കി ഇതുമായി ബന്ധപ്പെട്ട വിവരം ഉടനെ നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് നിര്‍ദ്ദേശം നല്‍കി. ആചാര്യുലു സാറിന്റെ തല പരിശോധിക്കാന്‍ ഇതില്‍പരം എന്താണ് വേണ്ടത്. സാമാന്യ വിവരമുള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്. അങ്ങേരിപ്പോള്‍ എവിടെയാണോ ആവോ?

ഇതിപ്പോള്‍ ഏപ്രില്‍ 15-ന് കേസില്‍ വാദം കേള്‍ക്കുമെന്നാണ് ഡെല്‍ഹി  ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. വാസ്തവത്തില്‍ ഏപ്രില്‍ ഒന്നിനാണ് വാദം കേള്‍ക്കേണ്ടിയിരുന്നത്. ശരിക്കു പറഞ്ഞാല്‍ വിവരാവകാശ നിയമം എന്ന വകുപ്പു തന്നെ എടുത്തുകളയേണ്ട സമയമായി. രാജ്യദ്രോഹികള്‍ ഒന്നടങ്കം ഈ നിയമമാണ് ആയുധമാക്കുന്നത്. മോദിജിയുടെ ബിരുദത്തെക്കുറിച്ചോ ബിരുദാനന്തര ബിരുദത്തെക്കുറിച്ചോ ഉള്ള ഒരന്വേഷണവും തറവാട്ടില്‍ പിറന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. ഡെല്‍ഹി സര്‍വ്വകലാശാലയ്ക്ക് മേല്‍ ചില കാക്കകള്‍ വട്ടമിട്ടു പറക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സുകാര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അറ്റ കൈക്ക് സര്‍വ്വകലാശാലയുടെ ബോര്‍ഡിന് മേല്‍ സിന്ദൂരം തന്നെ തേച്ചുപിടിപ്പിക്കേണ്ടി വരും.

ഒന്നാലോചിച്ചു നോക്കിയാല്‍ മോദിജി തന്നെ ഇതിനുള്ള ഉത്തരം നേരത്തെ പറഞ്ഞിട്ടുണ്ട്. ഹാര്‍വാര്‍ഡിലല്ല ഹാര്‍ഡ്‌വര്‍ക്കിലാണ് തനിക്ക് വിശ്വാസമെന്നാണ് മോദിജി പറഞ്ഞത്. ഋഷിമാരും പ്രവാചകരും അങ്ങിനെയാണ്. വരാനിരിക്കുന്നതിനെക്കുറിച്ച് അവര്‍ നേരത്തെ പറഞ്ഞിരിക്കും. അതൊക്കെ കണ്ടെടുത്ത് കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കേണ്ടത് നമ്മള്‍ ജനങ്ങളാണ്. ഒരു കാക്കയ്ക്കും മോദിജിയെ നമ്മള്‍ വിട്ടുകൊടുക്കരുത്.

വഴിയില്‍ കേട്ടത്: നയപ്രഖ്യാപനപ്രസംഗത്തില്‍ വായിക്കില്ലെന്നു പറഞ്ഞ ഭാഗം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. രണ്ടു കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ വീഴ്ചയുണ്ടാവുമായിരുന്നില്ല. നയപ്രസംഗം ചുവന്ന പട്ടില്‍ പൊതിയണമായിരുന്നു. പ്രസംഗത്തിന്റെ കോപ്പിയുടെ ആദ്യ പേജില്‍ സിന്ദൂരം കൊണ്ടുള്ള പൊട്ടും വേണമായിരുന്നു.

Content Highlights: Controversy over PM Modi’s degree damages reputation of India’s education system | Vazhipokkan