തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'കൈറ്റ്' നടപ്പാക്കിയ ഹൈടെക് സ്‌കൂള്‍ ലാബുകളിലേക്ക് 16,500 ലാപ്‌ടോപ്പുകള്‍കൂടി ലഭ്യമാക്കും.

ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ക്ക് ഇതുവരെ നല്‍കിയ 1,17,723 ലാപ്‌ടോപ്പുകള്‍ക്ക് പുറമേയാണിത്. നിലവില്‍ കംപ്യൂട്ടര്‍ ലാബുകള്‍ നന്നായി സജ്ജീകരിച്ചിട്ടുള്ള സ്‌കൂളുകളില്‍ ആവശ്യകതയ്ക്കനുസരിച്ചായിരിക്കും ലാപ്‌ടോപ്പുകള്‍ അനുവദിക്കുക.

ഹൈടെക് സ്‌കൂള്‍ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി കിഫ്ബി സഹായധനത്തോടെ 99,141 സ്പീക്കറുകള്‍, 68,609 പ്രൊജക്ടറുകള്‍, 43,250 മൗണ്ടിങ് കിറ്റുകള്‍, 23,098 സ്‌ക്രീനുകള്‍, 43 ഇഞ്ചിന്റെ 4545 എല്‍.ഇ.ഡി. ടെലിവിഷനുകള്‍, 4611 മള്‍ട്ടിഫങ്ഷന്‍ പ്രിന്ററുകള്‍, 4578 ഡി.എസ്.എല്‍.ആര്‍. ക്യാമറകള്‍, 4720 എച്ച്.ഡി. വെബ്ക്യാം തുടങ്ങിയവയും സ്‌കൂളുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി 544 സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും മൗണ്ടിങ് കിറ്റുകളും ജനുവരി 27 മുതല്‍ കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങള്‍ വഴി വിതരണംചെയ്യും.

ഒരു ഡിവിഷനില്‍ ഏഴ് കുട്ടികളില്‍ താഴെയുള്ള 1359 പ്രൈമറി വിഭാഗം സ്‌കൂളുകളിലും കിഫ്ബി സഹായധനത്തോടെ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ദേശിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ ഇത് പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഗണിത പഠനത്തിന് മാത്സ് ലാബ്, ഫിസിക്‌സ് പഠനത്തിന് എക്‌സ്‌പൈസ് തുടങ്ങിയ സംവിധാനങ്ങള്‍ വരുന്നതിനാല്‍ ഉപകരണങ്ങളും ലാബ് സൗകര്യവും പങ്കുവെക്കാന്‍ ധാരണയായ വിദ്യാലയങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. 
 

Content Highlights: 16,500 laptops granted to hi-tech school labs