News Aggregation Website In Malayalam News From Different Online Sources

Ads

Breaking

Post Top Ad

Your Ad Spot

Dec 3, 2019

കാറിനെച്ചൊല്ലി തര്‍ക്കം; യുവാവ്‌ കുത്തേറ്റു മരിച്ചു

featured image

പറവൂര്‍(കൊച്ചി): കാര്‍ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നു യുവാവ്‌ കുത്തേറ്റു മരിച്ചു. വെടിമറ കാഞ്ഞിരപ്പറമ്പില്‍ പരേതനായ ബദറുദീന്റെയും മുംതാസിന്റെയും മകന്‍ മുബാറക്ക്‌ (24) ആണ്‌ കൊല്ലപ്പെട്ടത്‌. ആക്രമണം തടയാന്‍ ശ്രമിച്ച സുഹൃത്ത്‌ വെടിമറ തോപ്പില്‍ വീട്ടില്‍ നാദിര്‍ഷ (24)യ്‌ക്ക്‌ പരുക്കേറ്റു.
സംഭവത്തില്‍ മാഞ്ഞാലി തെക്കേത്താഴം തോപ്പില്‍ റംഷാദ്‌ (24), മാവിന്‍ചുവട്‌ കണ്ടാരത്ത്‌ അഹമ്മദ്‌ (35), ചെറുപറമ്പില്‍ സാലി (21), വലിയവീട്ടില്‍ റിയാസ്‌ (35) എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റു നാലു പേര്‍ക്കെതിരെയും പോലീസ്‌ കേസെടുത്തു. ഇവര്‍ ഒളിവിലാണ്‌. ഞായറാഴ്‌ച രാത്രി 9.30ന്‌ പറവൂര്‍ മാഞ്ഞാലി എയര്‍പോട്ട്‌ റോഡില്‍ മാവിന്‍ചുവട്‌ മസ്‌ജിദിന്‌ സമീപത്തെ ഒഴിഞ്ഞ പറമ്പില്‍വച്ചായിരുന്നു കൊലപാതകം.
സംഭവത്തെക്കുറിച്ചു പോലീസ്‌ വിശദീകരിക്കുന്നത്‌ ഇങ്ങനെ: "മാളയിലെ ഒരാളില്‍നിന്നു നാലാംപ്രതിയായ റിയാസ്‌ വാടകയ്‌ക്കെടുത്ത കാര്‍ കൃത്യസമയത്ത്‌ തിരിച്ചുകൊടുക്കാന്‍ തയാറായില്ല. റിയാസ്‌ അറിയാതെ മുബാറക്‌ കാര്‍ എടുത്തുകൊണ്ടുപോയി മാളയിലെ ഉടമയ്‌ക്കു കൊടുത്തു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ പ്രതികളുടെ സംഘം മുബാറക്കിനെ മാവിന്‍ചുവടിലേക്ക്‌ വിളിച്ചുവരുത്തി. സുഹൃത്തുക്കള്‍ക്കൊപ്പമാണ്‌ മുബാറക്ക്‌ എത്തിയത്‌.
അവിടെവച്ചുണ്ടായ വാക്കുതര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. മുബാറക്കിന്റെ നെഞ്ചിലും വയറിലും കൈകളിലും കുത്തേറ്റു.
ഒപ്പമുണ്ടായിരുന്നവര്‍ ഉടനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണു മരണത്തിനിടയാക്കിയത്‌." പട്ടാളം ജുമാ മസ്‌ജിദില്‍ മുബാറക്കിന്റെ കബറടക്കം നടത്തി. ഭാര്യ: സന. മകന്‍ ഇബ്രാഹിം (6 മാസം).
സംഭവത്തെത്തുടര്‍ന്ന്‌ വെടിമറ, മാഞ്ഞാലി, മാവിന്‍ചുവട്‌ മേഖലകളില്‍ രാവിലെ മുതല്‍ പൊലീസ്‌ സുരക്ഷ ശക്‌തമാക്കി.
പ്രതികളില്‍ ചിലരുടെ വീടുകളില്‍ നടത്തിയ റെയ്‌ഡില്‍ വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട ആര്‍.സി ബുക്കുകളും മറ്റു രേഖകളും പിടിച്ചെടുത്തു. മുബാറക്കിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്കു പെരുമ്പാവൂര്‍ സ്വദേശിയുടെ ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നു പൊലീസ്‌ പറഞ്ഞു. കുറച്ചുനാളായി മാഞ്ഞാലി മാവിന്‍ചുവട്‌ കേന്ദ്രീകരിച്ചു ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണു വിവരം.
രണ്ടു പോലീസ്‌ സ്‌റ്റേഷനുകളുടെ പരിധിയിലാണ്‌ ഈ പ്രദേശമെന്നുള്ളത്‌ ഇത്തരക്കാര്‍ക്ക്‌ വിലസാന്‍ വഴിയൊരുക്കുന്നുണ്ട്‌.
ആലുവ ഡി.വൈ.എസ്‌.പി: ജി.വേണു, സി.ഐമാരായ എ.മുഹമ്മദ്‌ റിയാസ്‌, പി.എം. ബൈജു, എസ്‌.ഐമാരായ സോണി മത്തായി, ടി.വി.ഷിബു, എബി ജോര്‍ജ്‌, സുധീര്‍ കുമാര്‍, ഇ.വി.ഷിബു എന്നിവരടങ്ങുന്ന സംഘമാണു കേസ്‌ അനേ്വഷിക്കുന്നത്‌.
മുബാറക്ക്‌ മരിച്ചതോടെ ഒരു കുടുംബത്തിന്റെ ആശ്രയമാണ്‌ ഇല്ലാതായത്‌. ഭാര്യയും ആറുമാസം പ്രായമുള്ള കുട്ടിയുമടങ്ങുന്നതാണ്‌ കുടുംബം. മിശ്രവിവാഹിതനാണ്‌. കുഞ്ഞിത്തൈ സ്വദേശിനിയുമായി ഒന്നര വര്‍ഷം മുന്‍പായിരുന്നു വിവാഹം.
ഇവര്‍ക്കു സ്വന്തമായി വീടില്ല. സൗജന്യമായി താമസിക്കാന്‍ മറ്റൊരാള്‍ നല്‍കിയ വീട്ടിലാണു കുറച്ചുനാള്‍ താമസിച്ചത്‌. പിന്നീടു വാടക വീട്ടിലേക്കു മാറി.

Ads by Google

No comments:

Post a Comment

Post Top Ad

Your Ad Spot

Pages