പുണെ: ഐ.എസ്.എല്ലില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ ഒഡിഷ എഫ്.സിക്കെതിരേ ബെംഗളൂരു എഫ്.സിക്ക് ജയം.

ഒഡിഷയുടെ ഹോം ഗ്രൗണ്ടായ പുണെയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ ജയം. 36-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ യുവാനന്‍ ഗോണ്‍സാലസാണ് ബെംഗളൂരുവിന്റെ വിജയഗോള്‍ നേടിയത്. 

ജയത്തോടെ ഏഴു മത്സരങ്ങളില്‍ നിന്ന് 13 പോയന്റുമായി ബെംഗളൂരു പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഏഴു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുള്ള ഒഡിഷ ആറാം സ്ഥാനത്താണ്.

പന്തടക്കത്തില്‍ മുന്നില്‍ നിന്നെങ്കിലും നല്ല മുന്നേറ്റങ്ങള്‍ ഗോളാക്കുന്നതില്‍ ഒഡിഷ പരാജയപ്പെട്ടു. ഫിനിഷിങ്ങിലെ പിഴവും ബെംഗളൂരു ഗോളി ഗുര്‍പ്രീതിന്റെ മികവും അവര്‍ക്ക് തിരിച്ചടിയായി. മറുവശത്ത് നിര്‍ഭാഗ്യം കൊണ്ടാണ് ബെംഗളൂരുവിന്റെ പല അവസരങ്ങളും ഗോളാകാതെ പോയത്. ലീഗില്‍ ഇതുവരെ ബെംഗളൂരു പരാജയമറിഞ്ഞിട്ടില്ല.

Content Highlights: ISL 2019-20 Bengaluru FC beat Odisha FC