ന്യൂഡല്‍ഹി: വിമര്‍ശങ്ങളെ ഗൗരവത്തോടെ കാണുന്ന കേന്ദ്ര സര്‍ക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിമര്‍ശം ഉന്നയിച്ച പ്രമുഖ വ്യവസായിക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മറുപടി ഇക്കാര്യം വ്യക്തമാക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങളും വിമര്‍ശങ്ങളും ഗൗരവത്തോടെ കേള്‍ക്കുകയും മറുപടി നല്‍കുകയും ചെയ്യാറുണ്ടെന്ന് അവര്‍ ലോക്‌സഭയില്‍ അവകാശപ്പെട്ടു.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും മോശം ധനമന്ത്രിയെന്ന് തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെയും ധനമന്ത്രി ആഞ്ഞടിച്ചു. താന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ പോലും കാത്തിരിക്കാതെയാണ് ഇത്തരം വിമര്‍ശം ഉന്നയിക്കുന്നത്. കൂടുതല്‍ ആശയങ്ങള്‍ തരൂ എന്നാണ് വിമര്‍ശകരോട് പറയാനുള്ളത്. ഞങ്ങള്‍ അതെല്ലാം ഗൗരവമായി എടുക്കും.

വിമര്‍ശങ്ങളെ ഗൗരവമായി കാണുന്ന ഒരു സര്‍ക്കാരുണ്ടെങ്കില്‍ അത് മോദി സര്‍ക്കാര്‍ മാത്രമാണ്. തന്നെ ദുര്‍ബലയെന്ന് (നിര്‍ബല) വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയേയും ധനമന്ത്രി വിമര്‍ശിച്ചു. തനിക്കെതിരെ വിമര്‍ശം ഉന്നയിക്കുന്നവര്‍ ചോദ്യങ്ങള്‍ ചോദിച്ചശേഷം ഉത്തരം പറയുന്നതിനുമുമ്പ് സഭയില്‍നിന്ന് മുങ്ങുകയാണ്.

മോദി സര്‍ക്കാര്‍ സ്യൂട്ടും ബൂട്ടും ധരിക്കുന്നവരുടെ സര്‍ക്കാരാണെന്ന വിമര്‍ശം അടിസ്ഥാന രഹിതമാണ്. ഉജ്ജ്വല യോജന, ആയുഷ്മാന്‍ യോജന, പി.എം കിസാന്‍ സമ്മാന്‍ നിധി എന്നിവയുടെ പ്രയോജനം ലഭിക്കുന്നവര്‍ സ്യൂട്ടും ബൂട്ടും ധരിക്കുന്നവരല്ല. പ്രധാനമന്ത്രി മോദിയുടെ സ്വച്ഛ് ഭാരത് അഭിയാനില്‍ ഉള്‍പ്പെടുത്തി 11 കോടി ശൗചാലയങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തുടനീളം നിര്‍മ്മിച്ചു. പദ്ധതിയുടെ പ്രയോജനം ലഭിച്ചത് ഞങ്ങളുടെ സഹോദരീ ഭര്‍ത്താക്കന്മാര്‍ക്കല്ല. സഹോദരീ ഭര്‍ത്താക്കന്മാര്‍ക്ക് ഗുണമുണ്ടാക്കാന്‍വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നും കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമര്‍ശമുന്നയിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.

Content Highlights: Been told i am the worst Finance Minister; Modi government is open to criticism - Nirmala Sitaraman