തിരുവനന്തപുരം: സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോഗ്യകാരണങ്ങളാൽ അവധിയിൽ പ്രവേശിക്കുന്നു. പകരം പുതിയ സെക്രട്ടറിയെ ഉടൻ നിശ്ചയിക്കും. ഇതോടെ മന്ത്രിസഭയിലും അഴിച്ചുപണിക്കു സാധ്യതയുണ്ട്.

മുതിർന്ന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ എന്നിവരിലാരെങ്കിലും സെക്രട്ടറിയാകാനിടയുണ്ട്. അതാണ് മന്ത്രിസഭാ അഴിച്ചുപണിക്കിടയാക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കോടിയേരിയുടെ അവധിയും പുതിയ സെക്രട്ടറിയെ നിയമിക്കുന്ന കാര്യവും ചർച്ചചെയ്യും.

സെക്രട്ടേറിയറ്റ് അംഗങ്ങളിൽ എം.വി. ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവർ സെക്രട്ടറിസ്ഥാനത്തേക്കു പരിഗണിച്ചേക്കാവുന്ന പേരുകളാണ്. എന്നാൽ, മന്ത്രിസ്ഥാനത്തുള്ളവർക്കാണ് കൂടുതൽ സാധ്യത. അതിൽത്തന്നെ, ഇ.പി. ജയരാജന്റെതാണ് പ്രധാന പേര്. പാർട്ടിയിൽ കോടിയേരിക്കൊപ്പം പ്രവർത്തനപാരമ്പര്യം ഇ.പി.ക്കുണ്ട്.

ഒന്നരമാസമായി കോടിയേരി പാർട്ടിപ്രവർത്തനത്തിൽ സജീവമല്ല. അമേരിക്കയിൽ വിദഗ്ധപരിശോധനയ്ക്കുശേഷം തിരിച്ചെത്തിയെങ്കിലും കൂടുതൽ ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അതിനാൽ, ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് അവധിയെടുക്കാനാണ്‌ തീരുമാനം. ഒന്നരമാസം ചികിത്സയ്ക്കായി കോടിയേരി മാറിനിന്നെങ്കിലും സെക്രട്ടറിയുടെ ചുമതല മറ്റാർക്കും നൽകിയിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയാണ് സ്വീകരിച്ചത്.

കോടിയേരി അവധിയിൽപ്രവേശിക്കുമ്പോൾ സെക്രട്ടേറിയറ്റ് മൊത്തത്തിൽ തീരുമാനമെടുക്കുന്ന സ്ഥിതി മതിയാവില്ല. പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന ഘട്ടമായതിനാൽ പൂർണ ചുമതലയുള്ള സെക്രട്ടറി വേണമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം.

ജയരാജനോ എ.കെ. ബാലനോ ആണ് സെക്രട്ടറിസ്ഥാനത്തേക്കുവരുന്നതെങ്കിൽ മന്ത്രിസഭയിൽ സമഗ്ര അഴിച്ചുപണിയുണ്ടായേക്കും. ടി.പി. രാമകൃഷ്ണൻ, കെ.ടി. ജലീൽ എന്നിവരെ മാറ്റിയേക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മന്ത്രിയാകാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് ഇനി സർക്കാരിനുമുന്നിലുള്ളത്. അതിനുള്ള മുഖംമിനുക്കുന്ന വിധമാകും പുനഃസംഘടന.

സർവകലാശാലാ മാർക്കുദാനവിവാദത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചാൽ കെ.ടി. ജലീലിന്റെ മന്ത്രിസ്ഥാനം പരുങ്ങലിലാകുമെന്ന സ്ഥിതിയുണ്ട്. പാർട്ടിയിലുണ്ടായ അനിവാര്യ സാഹചര്യം മറയാക്കി ജലീലിന്റെ പ്രശ്നം മറികടക്കാനുള്ള ശ്രമവും ഒരുപക്ഷേ, സി.പി.എം. മന്ത്രിസഭാ പുനഃസംഘടനയിലൂടെ നടത്തിയേക്കും.