ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി വിഷയത്തില്‍ സുപ്രീംകോടതി ശനിയാഴ്ച വിധി പ്രസ്താവിക്കാനിരിക്കെ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും.

അയോധ്യ സംബന്ധിച്ച് സുപ്രീംകോടതിയുടെ ഏത് തീരുമാനം വന്നാലും അത് ആരുടെയും വിജയമോ പരാജയമോ ആകില്ല. ഈ തീരുമാനം ഇന്ത്യയുടെ സമാധാനം, ഐക്യം, സൗഹാര്‍ദ്ദം എന്നിവയുടെ മഹത്തായ പാരമ്പര്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നത് നമ്മുടെ എല്ലാവരുടെയും മുന്‍ഗണനയായിരിക്കണമെന്നാണ് രാജ്യത്തെ ജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന.

വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് നാം എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യര്‍ത്ഥിച്ചു.

ബാബരി മസ്ജിദ് തകര്‍ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂര്‍വ്വമായുള്ള ആ പ്രതികരണം. നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാന്‍ എല്ലാ ജനങ്ങളും തയാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം.

വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയര്‍ന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് - മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. 

സമാധാനവും ഐക്യവും നിലനിര്‍ത്തണമെന്ന് വിവിധ മത-സംഘടനാ നേതാക്കളും അഭ്യാര്‍ത്ഥിച്ചു. ശനിയാഴ്ച രാവിലെ 10.30-നാണ് സുപ്രീംകോടതി വിധി പ്രസ്താവിക്കുക.

Content Highlights: Ayodhya verdict-Prime Minister and the chief Minister-calling for peace