വിജയവാഡ: ഭാര്യയോടുള്ള വിശ്വാസമില്ലായ്മയെ തുടര്‍ന്ന് എട്ട് മാസം പ്രായമായ കുഞ്ഞിനെ ചുമരില്‍ അടിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം.

രണ്ട് വര്‍ഷം മുമ്പാണ് വിജയവാഡ സ്വദേശി  ഗുമല്ല ചിന്ന പുല്ലയ്യ കടപ്പ സ്വദേശിനി രമാദേവിയെ രണ്ടാം വിവാഹം ചെയ്യുന്നത്. ഗുമല്ലയ്ക്ക് രമാദേവിയെ വിശ്വാസക്കുറവുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. തര്‍ക്കത്തിനിടെ ഗുമല്ല കുഞ്ഞിനെ ചുമരില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം അമ്മിക്കല്ല്‌ കൊണ്ട് രമാദേവിയുടെയും തലയ്ക്കടിച്ചു. നിലവിളി കേട്ട് എത്തിയ അയല്‍വാസികളാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമാദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എട്ട് വര്‍ഷം മുമ്പ് ആദ്യഭാര്യ ലക്ഷ്മിയെ സമാനസാഹചര്യത്തില്‍ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഗുമല്ല  ശിക്ഷയനുഭവിച്ചിട്ടുള്ളതായി പോലീസ് പറയുന്നു. ഒളിവിലായ ഗുമല്ലയ്ക്കായുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. 

Content Highlights: man killed infant baby and attacks wife with pestle over suspection