കണ്ണൂർ : സ്ഥിരനിക്ഷേത്തിലെ പലിശ ജീവിതാശ്രയമാവുമെന്ന പ്രതീക്ഷയ്ക്കു മങ്ങൽ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യിൽ നവംബർ പത്തോടെ നിലവിൽവന്ന പലിശനിരക്ക് സ്ഥിരനിക്ഷേപകരുടെ ആശങ്ക കൂട്ടുകയാണ്.

ഒന്നുമുതൽ രണ്ടുവർഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന് ദശാംശം 15 ശതമാനമാണ് പലിശകുറച്ചത്. ഒരു വർഷത്തിനിടെ ചെറിയതോതിൽ പലതവണയായി കുറച്ച് ആകെ ഒന്നേകാൽ ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. രണ്ടുകോടിയിലധികമുള്ള നിക്ഷേപത്തിന് ഈ ഘട്ടത്തിൽ മാത്രം കുറച്ചത് മുക്കാൽ ശതമാനമാണ്.

വായ്പവാങ്ങാൻ ആളില്ലെന്നതാണ് പല ബാങ്കുകളും നേരിടുന്ന പ്രശ്നം. ക്രയശേഷി കുറയുന്നത് വായ്പാ ആവശ്യവും കുറയ്ക്കുകയാണ്. നിക്ഷേപത്തിനനുസരിച്ച് വായ്പയില്ലാത്തതിനെത്തുടർന്നുള്ള പ്രതിസന്ധിയാണ് പലിശ കുറയ്ക്കാനിടയാക്കുന്നത്. 13 ശതമാനം വരെയുണ്ടായിരുന്ന ഭവനവായ്പാ പലിശ എട്ടു ശതമാനത്തിലെത്തി.

അതിദീർഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് പല ബാങ്കുകളും. കാലാവധി കൂടുന്നതിനനുസരിച്ച് പലിശനിരക്ക് കൂടിയിരുന്ന സ്ഥാനത്ത് കുറയുന്ന പ്രവണതയാണിപ്പോൾ. സഹകരണബാങ്കുകൾ രണ്ടു വർഷത്തിലധികമാണ് കാലാവധിയെങ്കിൽ കാൽ ശതമാനം പലിശ കുറവാണ് നൽകുക. നിക്ഷേപിക്കുന്ന സമയത്തെ നിരക്കുതന്നെ കാലാവധി തീരുന്നകാലത്തും നിലിനിൽക്കും എന്ന പ്രതീക്ഷയില്ലാതായതിനാലാണിത്.

അഞ്ചുവർഷംകൊണ്ട് ഇരട്ടിക്കുമെന്നാണ് 20 വർഷംമുമ്പ് പല ബാങ്കുകളും നൽകിയിരുന്ന പരസ്യം. 1999-ൽ എസ്.ബി.ഐ.യിൽ അഞ്ചുവർഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന് 10.50 ശതമാനം വരെയായിരുന്നു പലിശ. 10 വർഷം വരെയാണെങ്കിൽ 11 ശതമാനംവരെയും. സഹകരണബാങ്കുകൾ അക്കാലത്ത് ദീർഘകാല നിക്ഷേപത്തിന് 14 ശതമാനവും അതിലധികവും പലിശ നൽകിയിരുന്നു. ഒന്നോ രണ്ടോ ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെങ്കിൽ ചെറിയ കുടുംബത്തിന് പലിശകൊണ്ട് ജീവിക്കാൻ കഴിയുമായിരുന്ന കാലം. എന്നാൽ, 2002 മുതൽ പലിശ കുത്തനെ കുറഞ്ഞ് ഏഴു ശതമാനം വരെയായി. 2010-നുശേഷം വീണ്ടും കൂടി. 2011-ൽ 9.25 ശതമാനംവരെ പലിശ നൽകി.

സേവിങ്സ് ബാങ്ക് നിക്ഷേപത്തിന്‌ മുമ്പ് ഏഴു ശതമാനം വരെയുണ്ടായിരുന്നത് മൂന്നരശതമാനത്തിലെത്തി. നിക്ഷേപം ഒരു ലക്ഷത്തിലധികമായാൽ പലിശ അരശതമാനം കുറയും. സഹകരണബാങ്കുകൾ സ്ഥിരനിക്ഷേപത്തിനു നൽകുന്ന പലിശ ഏഴേമുക്കാൽ ശതമാനം വരെയാണ്. എല്ലാ ബാങ്കുകളും വയോജനങ്ങൾക്ക് അരശതമാനം അധികം നൽകുന്നു. എന്നാലും പലിശകൊണ്ട് കഴിഞ്ഞുകൂടാമെന്ന പ്രതീക്ഷ ഇല്ലാതാവുകയാണ്.

ബാങ്ക് പലിശ കുറയാൻ തുടങ്ങിയതോടെയാണ് മ്യൂച്വൽ ഫണ്ടുകൾ അധികമായി രംഗത്തുവന്നത്. അത്തരം ഫണ്ടുകളിൽ നിക്ഷേപിച്ച് കൈപൊള്ളിയവർ ഒട്ടേറെ. സ്വകാര്യ പണമിടപാടുകാരുടെ പലിശ കൂടുതലെന്ന പ്രലോഭനത്തിൽ വീണ് എല്ലാം നഷ്ടപ്പെടുന്ന ചിലരുമുണ്ട്. വായ്പ-നിക്ഷേപ നിരക്കിലെ അന്തരം നേരത്തേ വലിയ പ്രതിഷേധമുയർത്തിയിരുന്നു. ഇപ്പോൾ ബാങ്കുകളാണ് വായ്പയ്ക്ക് വിശ്വസ്തരായ ഇടപാടുകാരെ തേടുന്നത്.

content highlights: interest rate for fixed deposit