മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബിജെപി ഗവര്‍ണറെ അറിച്ചതിന് പിന്നാലെ അടിയന്തര നീക്കങ്ങളുമായി ശിവസേന. സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന സൂചന നല്‍കി ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കിയകാര്യം റാവത്ത് ചൂണ്ടിക്കാട്ടി. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്ത് വിലകൊടുത്തും ശിവസേനാ മുഖ്യമന്ത്രി മഹാരാഷ്ട്രയിലുണ്ടാകുമെന്നും റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ബിജെപി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ അറിയിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കും. 105 അംഗങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്കുള്ളത്. 144 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. 

56 സീറ്റുള്ള ശിവസേനയാണ് രണ്ടാമത്തെ കക്ഷി. സ്വാഭാവികമായും ശിവസേനയെ ഗവര്‍ണര്‍ ക്ഷണിക്കുമെന്നാണ് കരുതുന്നത്. എന്‍സിപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ ശിവസേന സര്‍ക്കാരുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കത്തില്‍ ഉടക്കിയാണ് 25 വര്‍ഷമായി തുടരുന്ന ബിജെപി- ശിവസേന സഖ്യം തകര്‍ന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള താത്പര്യം എന്‍സിപി വ്യക്തമാക്കിയിരുന്നു.

Content Highlights: there will be CM  from Shiv Sena, at any cost- Shiv Sena leader Sanjay Raut