കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ പെട്രോള്‍ പമ്പ് വില്‍പ്പന നടത്തിയ വകയില്‍ ബാക്കിയുള്ള 93 ലക്ഷം രൂപ കിട്ടിയില്ലെന്ന വീട്ടമ്മയുടെ പരാതിയില്‍ കാഞ്ഞങ്ങാട്ടുകാരനെതിരെ പോലീസ് കേസെടുത്തു. പടന്നക്കാട് താമസക്കാരനും അബുദാബിയില്‍ ബിസിനസുകാരനുമായ അബൂബക്കര്‍ കുറ്റിക്കോലിനെതിരെയാണ് ചന്തേരപ്പോലീസ് കേസെടുത്തത്. ചെറുവത്തൂര്‍ ഞാണിങ്കൈയിലെ കെ.വി.ദേവകിയാണ് പരാതിക്കാരി. അര ഏക്കര്‍ സ്ഥലവും പെട്രോള്‍ പമ്പും ദേവകിയുടെയും മക്കളുടേയും പേരിലും പമ്പിന്റെ ലൈസന്‍സ് ദേവകിയുടെ മൂത്തമകളുടെ ഭര്‍ത്താവിന്റെ പേരിലുമായിരുന്നു.

2017 ഫെബ്രുവരി ഒമ്പതിന് പമ്പും ഇതുള്‍ക്കൊള്ളുന്ന സ്ഥലവും മൂന്നരക്കോടി രൂപയ്ക്ക് അബൂബക്കറിന് വിറ്റു.വില്‍പന സമയത്ത് 1.42 കോടി രൂപ നല്‍കിയിരുന്നു. പമ്പിന്റെ റജിസ്ട്രേഷന്‍ മാറ്റണമെങ്കില്‍ ഭൂമിയുടെ ഉടമസ്ഥാവകാശവും അദ്ദേഹത്തിന്റെ പേരിലാകണമെന്ന് നിയമമുണ്ട്. ഇതേ തുടര്‍ന്ന് അഡ്വാന്‍സ് തുക കൈപ്പറ്റുമ്പോള്‍ തന്നെ സ്ഥലം റജിസ്റ്റര്‍ ചെയ്തു കൊടുക്കേണ്ടി വന്നു. ഏഴുമാസത്തിനുള്ളില്‍ പണം മുഴുവന്‍ നല്കാമെന്ന് കാണിച്ച് കരാര്‍ ഉണ്ടാക്കി.

എന്നാല്‍ ലൈസന്‍സ് മാറുന്നതിലെ കാലതാമസം കരാറില്‍ പറഞ്ഞ കാര്യങ്ങളേയും ബാധിച്ചു. 2019 മാര്‍ച്ചില്‍ ലൈസന്‍സ് അബൂബക്കറിന്റെ നോമിനിയായ ഷാഹുല്‍ഹമീദ് പട്ടത്തൂരിന്റെ പേരിലേക്ക് മാറ്റി ഭാരത്പെട്രോളിയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അതിനിടെ ബാക്കി പണം ചോദിച്ചപ്പോള്‍ പമ്പിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന സുധാകരന്‍ എന്നയാളുമായി താന്‍ ഇടപാട് എല്ലാം പൂര്‍ത്തിയാക്കിയെന്ന മറുപടിയാണ് കിട്ടിയതെന്നും ദേവകി പരാതിയില്‍ പറയുന്നു.

തന്റെ മൂത്തമകളുടെ ഭര്‍ത്താവാണ് സുധാകരനെന്നും ഇവര്‍ക്കുള്ള ഓഹരി കഴിച്ച് ബാക്കി 93 ലക്ഷം രൂപ തനിക്കും തന്റെ മറ്റു രണ്ടു മക്കള്‍ക്കുമായി കിട്ടണമെന്നുമാണ് ദേവകി പരാതിയില്‍ ആവശ്യപ്പെട്ടത്. വിശ്വാസവഞ്ചന നടത്തിയെന്നതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ബിനാമി ഇടപാടില്‍ പെട്രോള്‍ പമ്പ് നടത്താന്‍ പാടില്ലെന്ന് പെട്രോളിയം കമ്പനികളുടെ നിയമാവലിയിലുണ്ടെന്നും പോലീസ് പറഞ്ഞു.

Content Highlights: Petrol pump sale: Rs 93 lakh rupees didn't give in the deal of worth Rs 3 crore