ബെംഗളൂരു: ഐഎസ്എല്ലില്‍ മുന്‍ ചാമ്പ്യന്‍മാരുടെ പോരാട്ടത്തല്‍ ബെംഗളൂരു എഫ്സിക്ക് വിജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു ചെന്നൈയിന്‍ എഫ്സിയെ തോല്‍പ്പിച്ചത്. എറിക് പാര്‍ത്തലു, സുനില്‍ ചേത്രി, സെമ്പോയി എന്നിവരുടെ വകയായിരുന്നു ഗോളുകള്‍. 

ആദ്യ പകുതി പിന്നിടുമ്പോള്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു ബെംഗളൂരു. മത്സരത്തിന്റെ 14-ാം മിനിറ്റില്‍ എറിക് പാര്‍ത്തലുവിന്റെ വകയായിരുന്നു ആദ്യ ഗോള്‍. ഇടത് ഭാഗത്ത് നിന്ന് ഡിമാസ് ഡെല്‍ഗാഡോ നല്‍കിയ ക്രോസ് പാര്‍ത്തലു ഗോളാക്കി മാറ്റി.

ഇരുപത്തിയഞ്ചാം മിനിറ്റില്‍ സുനില്‍ ഛേത്രി ബെംഗളൂരിവിന്റെ ലീഡ് ഉയര്‍ത്തി. റാഫേല്‍ അഗസ്റ്റോയില്‍ നിന്ന് പന്ത് സ്വീകരിച്ച ഛേത്രി കൃത്യമായി അത് ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. 84-ാം മിനിറ്റില്‍ മണിപ്പൂര്‍ താരം സെമ്പോയിയുടെ വകയായിരുന്നു മൂന്നാം ഗോള്‍. 

വിജയത്തോടെ ബെംഗളൂരു എഫ്സി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. ആദ്യ മൂന്ന് കളിയിലും സമനില വഴങ്ങിയ ബെംഗളൂരു എഫ്സിയുടെ ആദ്യ വിജയമാണ് ഇന്നത്തേത്. ഇതോടെ ഏഴ് പോയിന്റാണ് ബെംഗളൂരുവിന്റെ സമ്പാദ്യം. നാല് കളികളില്‍ ഒരു സമനില മാത്രം നേടിയ ചെന്നൈയിന്‍ ഒരു പേയിന്റുമായി അവസാനസ്ഥാനത്താണ്. 

Content Highlights: ISL 2019-20 Bengaluru FC vs Chennaiyin FC