വടകര: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസ് പഠിക്കാന്‍ ശനിയാഴ്ച ഐപിഎസ് ട്രെയിനുകളും വടകര എസ് പി ഓഫീസിലെത്തി. മുഖ്യപ്രതി ജോളിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഉച്ചയോടെ വിവിധ ജില്ലകളില്‍ നിന്നുള്ള ഐപിഎസ് ട്രെയിനികളായ 10 എഎസ്പിമാര്‍ വടകരയില്‍ എത്തിയത്. 

തുടര്‍ന്ന് ഇവര്‍ ജോളിയെ ചോദ്യം ചെയ്തു.  പ്രത്യേക ഉത്തരവ് പ്രകാരമാണ്‌ ഐപിഎസ് ട്രെയിനികള്‍ വടകരയില്‍ എത്തിയത്. 

ഇതിനായി പ്രത്യേകം തയ്യാറാക്കിയ ചാര്‍ട്ട്  അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി കെ. ജി സൈമണ്‍ കൈമാറി. ഉത്തരമേഖല ഐ ജി അശോക് യാദവിന്റ നേതൃത്വത്തിലായിരുന്നു കേസിന്റെ വിലയിരുത്തലും ചോദ്യംചെയ്യലും. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ പ്രത്യേക ക്ലാസും ചോദ്യംചെയ്യലും വൈകിട്ട് നാല് മണി വരെ തുടര്‍ന്നു. 

ചോദ്യംചെയ്യലുമായി ജോളി കൂടുതല്‍ സഹകരിക്കുന്നുണ്ട്. ഇത് കേസന്വേഷണത്തിന് വളരെ സഹായകമാവുമെന്നും  അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി  പറഞ്ഞു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ശനിയാഴ്ച വടകരയില്‍ എത്തിയിരുന്നു. കൂടത്തായി കേസ് ഏറെ വെല്ലുവിളി നിറഞ്ഞതാണ്.  അതുകൊണ്ട് ഐപിഎസ് ട്രെയിനികളെ കേസ് പഠിക്കാന്‍ അയക്കുമെന്ന് കഴിഞ്ഞദിവസം ഡിജിപി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് ശേഷം ഉച്ചയോടെയാണ് 10 ഐപിഎസ് ട്രെയിനികള്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇവരും കേസന്വേഷണത്തിന്‍റെ ഭാഗമാകുമെന്നാണ് സൂചന.