ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ദേശീയ വിദ്യാഭ്യാസ കമ്മിഷന്‍ (എന്‍ഇസി) രൂപീകരിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് നേരിട്ട സാഹചര്യത്തിലാണ് കരട് ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിര്‍ദേശിച്ച പദ്ധതിയേക്കുറിച്ച് മാറിച്ചിന്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയെ അധ്യക്ഷനായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഉപാധ്യക്ഷനായും നിയമിച്ചുകൊണ്ടുള്ള എന്‍ഇസി രൂപീകരിക്കാന്‍ കരട് നയത്തില്‍ നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളുമായി ബന്ധപ്പെട്ട  വികസനവും, പരിഷ്‌കരണവും, വിലയിരുത്തലും പുന:പരിശോധനയും കമ്മിഷന്റെ ചുമതലകളായി നിശ്ചയിച്ചിരുന്നു. കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ബിജെപി ഭരിക്കുന്ന ഗുജറാത്തടക്കം വിവിധ സംസ്ഥാനങ്ങള്‍ പദ്ധതിയോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു.

കേന്ദ്ര മാനവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാലും വിവിധ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമാരുമായി സെപ്റ്റംബറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍സിഇ പദ്ധതി രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് വിരുദ്ധമാണെന്നും വിദ്യാഭ്യാസ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ അധികാരം നല്‍കുന്ന തരത്തിലേക്ക് മാറുമെന്നും പല സംസ്ഥാനങ്ങളും കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ തയ്യാറാക്കിയത്. എച്ച്ആര്‍ഡി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കരടിന് രണ്ട് ലക്ഷത്തോളം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഇതിന് അന്തിമരൂപം നല്‍കൂവെന്ന് രമേഷ് പൊഖ്രിയാല്‍ അറിയിച്ചു.

Content Highlights: States Oppose, Centre May Drop National Education Commission Plan