മഹാബലിപുരം: അഭിപ്രായഭിന്നതകൾ വിവേകപൂർവം കൈകാര്യംചെയ്യാനും പരസ്പരസഹകരണത്തിൽ പുതിയ അധ്യായമെഴുതാനും തീരുമാനിച്ച് ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടി ശനിയാഴ്ച അവസാനിച്ചു. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സേവനം എന്നീ മേഖലകളിൽ തുടർചർച്ചകൾക്കായി ഉന്നതതലസംവിധാനമുണ്ടാക്കാൻ ചർച്ചകളിൽ ധാരണയായി. ഇതിനുള്ള സമിതിയിൽ ധനമന്ത്രി നിർമലാ സീതാരാമനും ചൈനീസ് ഉപപ്രധാനമന്ത്രി ഹ്യു ചുൻഹ്വയും അംഗങ്ങളാകും.

നിർദിഷ്ട, മേഖലാസമഗ്രസാമ്പത്തിക പങ്കാളിത്ത കരാറിലുള്ള (ആർ.സി.ഇ.പി.) ഇന്ത്യയുടെ ആശങ്ക അനുഭാവപൂർവം പരിഗണിക്കാമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉറപ്പുനല്കി. ഉച്ചകോടി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ പുതുയുഗപ്പിറവിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

കശ്മീർവിഷയം ചർച്ചയിൽ ഉയർന്നതേയില്ലെന്ന് ഉച്ചകോടിക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. എന്നാൽ, ബുധനാഴ്ച പാകിസ്താൻ പ്രസിഡന്റ് ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരം ഷി, മോദിയെ ധരിപ്പിച്ചു. അതിർത്തിത്തർക്കം പരിഹരിക്കാനുള്ള പ്രത്യേകപ്രതിനിധികളുടെ പ്രവർത്തനത്തെ ഇരുവരും സ്വാഗതം ചെയ്തു.

കോവളം താജ് ഫിഷർമെൻസ് കോവിൽ മോദിയും ഷിയും തമ്മിൽ രാവിലെ 10.20-നു തുടങ്ങിയ ചർച്ച 11.10-ന് അവസാനിച്ചു. തുടർന്ന് 90 മിനിറ്റുനീണ്ട നയതന്ത്ര ഉദ്യോഗസ്ഥതല ചർച്ചയും നടന്നു. ചർച്ചകളിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:

* വാണിജ്യ, ഐ.ടി. മേഖലകളിൽ യോജിച്ചപ്രവർത്തനങ്ങൾക്കു ധാരണ. ഈ മേഖലകളിലും ഫാർമസ്യൂട്ടിക്കൽ രംഗത്തും നിക്ഷേപത്തിനായി ഇന്ത്യൻ കമ്പനികൾക്ക് ചൈനയിലേക്കു ക്ഷണം.

* ചൈനയുടെ ഇറക്കുമതിയും ഇന്ത്യയുടെ കയറ്റുമതിയും തമ്മിലുള്ള അന്തരം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കും.

* 2017-ലെ ഡോക്‌ലാം സംഘർഷത്തോടെ നിലച്ച പ്രതിരോധചർച്ചകൾ പുനരാരംഭിക്കും. ഇതിനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ ഷി ചൈനയിലേക്കു ക്ഷണിച്ചു.

* ഇന്ത്യ-ചൈന ഉഭയകക്ഷിബന്ധത്തിന്റെ എഴുപതാം വർഷമായ 2020-ൽ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ അവസരമൊരുക്കും. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലുമായി 35 വീതം പരിപാടികൾ സംഘടിപ്പിക്കും.

* ഭീകരതയ്ക്കെതിരേ യോജിച്ചു പ്രവർത്തിക്കും.

* തമിഴ്നാടും ചൈനയിലെ ഫൂജിയാൻ പ്രവിശ്യയും തമ്മിൽ രണ്ടായിരം വർഷം മുമ്പുണ്ടായിരുന്ന വ്യാപാരബന്ധത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്നതിനായി സംയുക്ത ഗവേഷണം നടത്തും.

* പരസ്പരസഹകരണം, ആശയവിനിമയം, ഉഭയകക്ഷിബന്ധം, വ്യാപാരം എന്നിവയിൽ ചർച്ച തുടരും.

ചർച്ചയായവ

* വ്യാപാരം

* ആർ.സി.ഇ.പി.

* ഭീകരത

* പ്രതിരോധം

ചർച്ചയാകാഞ്ഞവ

* ജമ്മുകശ്മീർ

* ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ്

* വാവേയ്ക്ക് 5ജി അനുവദിക്കൽ

Content Highlights: modi xi jinping mahabalipuram summit