ചെന്നൈ: സ്വയംപ്രഖ്യാപിത ആള്‍ദൈവം കല്‍ക്കി ഭഗവാന്റെ അനധികൃത സ്വത്തുക്കളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 800 കോടിയിലധികം രൂപയുടെ അനധികൃത സ്വത്തുക്കള്‍ ഇയാളുടെ പേരിലുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. നേരത്തെ നടത്തിയ പരിശോധനയില്‍ 409 കോടിയുടെ പണം കണ്ടെത്തിയിരുന്നു. 

കല്‍ക്കി ഭഗവാന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റുകളിലും കച്ചവട സ്ഥാപനങ്ങളിലും ഞായറാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനകളിലാണ് കണക്കില്‍പ്പെടാത്ത കൂടുതല്‍ സ്വത്ത് കണ്ടെത്തിയത്. 115 കോടിയുടെ ബാങ്ക് നിക്ഷേപങ്ങള്‍, 61 കോടിയുടെ വ്യാജ ഓഹരി നിക്ഷേപങ്ങള്‍, 100 കോടിയുടെ ഹവാല ഇടപാടുകളിലൂടെയുള്ള വിദേശ നിക്ഷേപങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. 

ദുബായ്, ആഫ്രിക്ക, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സ് തുടങ്ങിയ ഇടങ്ങളിലുള്ള അനധികൃത നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാലായിരം ഏക്കറോളം സ്ഥലവും ബിനാമി വസ്തുവകകളും ഇയാള്‍ക്കുള്ളതായി വ്യക്തമാക്കുന്ന രേഖകളും ലഭിച്ചിട്ടുണ്ട്. 

വിഷ്ണുഭഗവാന്റെ പത്താമത്തെ അവതാരമാണ് താനെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ആശ്രമം നടത്തിയിരുന്നത്. നരവധി ട്രസ്റ്റുകളും മറ്റു സ്ഥാപനങ്ങളും ഇയാളുടെ ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളിലാണ്കഴിഞ്ഞ ദിവസം പരിശോധനകള്‍ നടന്നത്. 40 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ മുന്നൂറില്‍ അധികം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

Content Highlights: Godman Kalki Bhagwan's unaccounted wealth of Rs 800cr