ബെംഗളുരു: രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വില്പന മാമാങ്കം അവസാനിച്ചപ്പോള്‍ ചെറു പട്ടണങ്ങളില്‍നിന്നുപോലും മികച്ച പ്രതികരണം ലഭിച്ചതായി റിപ്പോര്‍ട്ട്.

എക്കാലത്തെയും ഉയര്‍ന്ന വില്പനയാണ് ഇത്തവണ കമ്പനികള്‍ നേടിയത്. രണ്ടുകമ്പനികളുംകൂടി ശരാശരി 370 കോടി ഡോളറിന്റെ(26,000 കോടി രൂപ)വിറ്റുവരവാണ് ആറുദിവസംകൊണ്ട് നേടിയത്. കഴിഞ്ഞവര്‍ഷത്തെ ഉത്സവ വില്പനയേക്കാള്‍ 33 ശതമാനം അധികമാണിത്. 

ആമസോണിന് വില്പനയുടെ 50 ശതമാനം വിഹിതം നേടാനായതായാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. അതേസമയം, വാള്‍മാര്‍ട്ടിന്റെ സ്വന്തമായ ഫ്‌ളിപ്കാര്‍ട്ടിന് 73ശതമാനം വിപണി വിഹിതം നേടാനായാതായണ് അവരുടെ അവകാശവാദം. 

50 ശതമാനം ഉപഭോക്താക്കള്‍ പുതിയതായി എത്തിയെന്ന് ഫ്‌ളിപ്കാര്‍ട്ട് അവകാശപ്പെടുന്നു. എന്നാല്‍ രാജ്യത്തുള്ള 99.4 ശതമാനം പിന്‍കോഡുകളില്‍നിന്നും ഓര്‍ഡറുകള്‍ ലഭിച്ചതായി ആമസോണും പറയുന്നു. ഇതില്‍ 88 ശതമാനം ഉപഭോക്താക്കളും ചെറുപട്ടണങ്ങളില്‍നിന്നാണ്. 

സ്മാര്‍ട്ട് ഫോണുകള്‍ക്കായിരുന്നു ആവശ്യക്കാരേറെയും. ഉപഭോക്തൃ, ഫാഷന്‍, ഇലക്ട്രോണിക് ഉത്പന്നങ്ങളും വന്‍തോതില്‍ വിറ്റുപോയി. 15,000 പിന്‍ കോഡുകളില്‍നിന്നുള്ളവര്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തതായും ആമസോണ്‍ അധികൃതര്‍ പറയുന്നു. 

ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെ വില്പനയും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കിടയിലെ ഒഴിവാക്കാനാവാത്ത ഉത്സവമായിക്കഴിഞ്ഞു. 

ഉത്സവ വിപണി ചലനാത്മകമാക്കിക്കൊണ്ട് വന്‍തുകയുടെ ഉത്പന്നങ്ങളാണ് ആറുദിവസംകൊണ്ട് രാജ്യത്തെ ജനങ്ങള്‍ വീടുകളിലെത്തിച്ചത്. 

അമസോണ്‍ പറയുന്നത്

  • 150 എയര്‍ബസ് എ380എസിന്റെ അത്രവലിപ്പത്തില്‍ ഫയര്‍ ടിവി സ്റ്റിക്കുകള്‍ വിറ്റു.
  • വിറ്റുപോയ ആമസോണ്‍ എക്കോ ഡിവൈസ് മുകളിലായി അടുക്കിവെച്ചാല്‍ 10 ഈഫല്‍ ടവറിന്റെ ഉയരംവരുമത്രേ.
  • ദീപാവലി പ്രകാശപൂര്‍ണമാക്കാന്‍ ജനങ്ങള്‍ വാങ്ങിയ അലങ്കാര വിളക്കുകള്‍ നീട്ടിവെച്ചാല്‍ മൗണ്ട് എവറസ്റ്റിന്റെ ഉയരംവരും.

ഫ്‌ളിപ്കാര്‍ട്ട് പറയുന്നത്

  • ആറു ദിവസംകൊണ്ട് വന്‍തോതില്‍ ടിവി, വാഷിങ് മെഷീന്‍, എസി, ഫ്രിജ് എന്നിവ രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലേയ്‌ക്കെത്തി.
  • പത്ത് ഓര്‍ഡറുകളില്‍ ഒന്നെന്ന കണക്കില്‍ പുതിയ പിന്‍കോഡ് വിലാസങ്ങളില്‍നിന്ന് ഓര്‍ഡറെത്തി. 
  • ഫാഷന്‍ ഉത്പന്നങ്ങളുടെ മൊത്തം വില്പനയില്‍ 45 ശതമാനവും സ്ത്രീകളുടെ ഓര്‍ഡറായിരുന്നു.