ന്യൂഡല്‍ഹി: ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരായ പീഡന പരാതിയില്‍ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി. തന്റെ സുഹൃത്താണ് ഈ ദൃശ്യങ്ങള്‍ പെന്‍ ഡ്രൈവിലാക്കി പോലീസിന് കൈമാറിയതെന്നും പെണ്‍കുട്ടി പറഞ്ഞു. അന്വേഷണ സംഘം 15 മണിക്കൂറോളം പെണ്‍കുട്ടിയെ ചോദ്യം ചെയ്തിരുന്നു.

വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ചിന്മയാനന്ദ് തന്നെ വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഒരു വര്‍ഷത്തോളം പീഡിപ്പിച്ചതായി 23 കാരിയായ പെണ്‍കുട്ടി പറഞ്ഞു. പിന്നീട് തന്റെ കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ഇതാണ് പോലീസിന് കൈമാറിയതെന്നും പെണ്‍കുട്ടി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ലോ കോളേജില്‍ പ്രവേശനം എടുക്കുന്നതിനായാണ് താന്‍ ചിന്മയാനന്ദിനെ കാണാന്‍ പോയതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ചിന്മയാനന്ദ് പെണ്‍കുട്ടിക്ക് കോളേജ് ലൈബ്രറിയില്‍ ജോലി നല്‍കുകയും താമസം ഹോസ്റ്റലിലേക്ക് മാറാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പിന്നീട് ചിന്മയാനന്ദ് വിളിപ്പിക്കുകയും താന്‍ കുളിക്കുന്ന വീഡിയോ കാണിച്ച് തരികയും ചെയ്തു. ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു. പിന്നീടാണ് കണ്ണടയില്‍ ക്യാമറ ഘടിപ്പിച്ച് താന്‍ ചിന്മയാനന്ദിന്റെ വീഡിയോ ചിത്രീകരിക്കാന്‍ തീരുമാനിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

നേരത്തെ സ്വാമി ചിന്മയാനന്ദിനെതിരെ സമൂഹ മാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റില്‍ പെണ്‍കുട്ടി ചിന്മയാനന്ദിന്റെ പേര് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതായി. 

എന്നാല്‍, പെണ്‍കുട്ടിയുടെ പിതാവ് ചിന്മയാനന്ദിനെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സംഭവം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പരാതി നല്‍കി മൂന്ന് ദിവസങ്ങള്‍ക്കുശേഷം തട്ടിക്കൊണ്ട് പോകലിന് പോലീസ് കേസെടുത്തു. പിന്നീട് ആറ് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ രാജസ്ഥാനില്‍ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതികള്‍ പരിഗണിച്ച സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

content highlights: Evidence" Against BJP's Chinmayanand On Pen Drive, Claims UP Student