ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിക്കുന്നതിനായി പാക് സര്‍ക്കാര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിഷയത്തില്‍ സര്‍ക്കാരിന് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനാകില്ലെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിക്കാമെന്നും സമിതി വ്യക്തമാക്കി. റിപ്പോര്‍ട്ട് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമര്‍പ്പിച്ചു. 

പാകിസ്താന്‍ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ കശ്മീരിനുവേണ്ടി അവസാനംവരെ പോരാടുമെന്നും കശ്മീര്‍ വിഷയത്തില്‍ സംഘടിപ്പിച്ച നയപ്രഖ്യാപന റാലിയില്‍ ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍എസ്എസിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ നടപ്പാക്കിയതുപോലുള്ള അജണ്ടകളാണ് ആര്‍എസ്എസ് ബിജെപി സര്‍ക്കാരിലൂടെ നടപ്പാക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീര്‍ വിഷയം അന്താരാഷ്ട്ര മാധ്യമങ്ങളുടെ സഹായത്തോടെ ആഗോള വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

ഇതിനിടെ, ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മോദിക്കെതിരെ അധിക്ഷേപ ട്വീറ്റുകളും ഉണ്ടായി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ വ്യാപകമായ അടിച്ചമര്‍ത്തല്‍ നടക്കുന്നതായുള്ള ആക്ഷേപങ്ങളും ട്വീറ്റുകളിലുണ്ട്.  

ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പ്രസ്താവിച്ചിരുന്നു. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Content Highlights: legal advice to pakistan government on kashmir issue