മുംബൈ:  ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചു. ആറുമാസം മുന്‍പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടി ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചത്. 

കോണ്‍ഗ്രസിനുള്ളിലെ ഉള്‍പാര്‍ട്ടി പോരിന് തന്നെ ഉപയോഗപ്പെടുത്തുന്നതില്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് നടിയുടെ രാജി. തന്റെ പ്രത്യയശാസ്ത്രത്തിലും ചിന്താഗതിയിലും ഉറച്ചുനില്‍ക്കുന്നതായും ജനങ്ങള്‍ക്കുവേണ്ടി വിശ്വാസ്യതയോടെ തന്റെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കുമെന്നും ഊര്‍മിള മതോണ്ട്കര്‍ പറഞ്ഞു. ഇതുവരെ പിന്തുണച്ച എല്ലാ ജനങ്ങളോടും മാധ്യമങ്ങളോടും അവര്‍ നന്ദി അറിയിക്കുകയും ചെയ്തു. 

ഒട്ടേറെതവണ ആവശ്യപ്പെട്ടിട്ടും മെയ് 16-ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന് അയച്ച കത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിരുന്നപ്പോള്‍ മുതല്‍ രാജിക്കാര്യം ചിന്തിച്ചിരുന്നതായും നടി പറഞ്ഞു. ഇതിനിടെ, അതീവരഹസ്യമായി നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ നടപടി മഹാവഞ്ചനയായാണ് തനിക്ക് തോന്നിയതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ ഒരാള്‍പോലും ക്ഷമ ചോദിച്ചില്ലെന്നും അവര്‍ പറയുന്നു. 

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മോശം പ്രകടനം കാഴ്ചവെക്കുന്നവരെന്ന് ഊര്‍മിള ചൂണ്ടിക്കാണിച്ചവര്‍ക്ക് മുംബൈ കോണ്‍ഗ്രസില്‍ പുതിയ സ്ഥാനങ്ങള്‍ നല്‍കിയതും പാര്‍ട്ടി വിടാന്‍ കാരണമായെന്നും രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

ബോളിവുഡ് നടിയായ ഊര്‍മിള മതോണ്ട്കര്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് മുംബൈ നോര്‍ത്ത് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 

Content Highlights: actress urmila matondkar resigned from congress