ന്യൂഡല്‍ഹി: ഭര്‍ത്താവ് വിശ്വസ്തനും സ്‌നേഹമുള്ളവനുമായാല്‍ മതിയെന്ന് സുപ്രീംകോടതി. ഛണ്ഡീഗഡില്‍ വിവാദമായ മിശ്രവിവാഹിതരുടെ കേസിന്റെ വാദത്തിനിടെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

ഹിന്ദുമതത്തില്‍പ്പെട്ട ഒരു യുവതിയും മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള യുവാവുമാണ് വിവാഹിതരായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം യുവാവ് ഹിന്ദുമതവിശ്വാസം സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ പെണ്‍കുട്ടികളെ കബളിപ്പിക്കുന്ന റാക്കറ്റിലെ കണ്ണിയാണ് യുവാവെന്നും തന്റെ മകളെ വഞ്ചിക്കുകയാണെന്നും ആരോപിച്ചാണ് യുവതിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവ് സ്നേഹമുള്ളവനും വിശ്വസ്തതയുള്ളവനുമായാല്‍ മതിയെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

'ഇപ്പോള്‍ പെണ്‍കുട്ടിയുടെ സുരക്ഷിതത്വം മാത്രമാണ് നോക്കുന്നത്. ഞങ്ങള്‍ മിശ്രവിവാഹങ്ങള്‍ക്ക് എതിരല്ല'- കോടതി പറഞ്ഞു. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വാദം കേട്ടത്. എന്നാല്‍, പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം കണക്കിലെടുത്ത് ബന്ധപ്പെട്ടവര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

Content Highlights: Man should be a great lover says Supreme Court to muslim man who married hindu woman