ജയ്പൂര്‍: ആര്‍.എസ്.എസ്. നേതാവ് മോഹന്‍ ഭാഗവതിന് അകമ്പടി പോയ വാഹനമിടിച്ച് ആറുവയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. അപകടത്തില്‍ കുട്ടിയുടെ മുത്തച്ഛന് ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാനിലെ മണ്ഡവാറിലെ തത്തര്‍പുര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു അപകടം.  

തിജാറയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു മോഹന്‍ ഭാഗവത്. പത്തോളം കാറുകള്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നു. ഇതിലൊരു കാര്‍ ആറുവയസ്സുകാരനും മുത്തച്ഛനും സഞ്ചരിച്ച ഇരുചക്രവാഹനത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അപകടത്തിനിടയാക്കിയ കാര്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. അപകടത്തിനുശേഷം വാഹനവ്യൂഹം ബെഹ്‌റോറിലേക്ക് യാത്രതുടര്‍ന്നതായും പോലീസ് വ്യക്തമാക്കി. ഇസഡ് പ്ലസ് സുരക്ഷയുള്ള നേതാവാണ് ആര്‍.എസ്.എസ്. മേധാവിയായ മോഹന്‍ ഭാഗവത്. 

Content Highlights: rss chief mohan bhagwat's convoy hits two wheeler kills six year old boy