നാഗ്പുര്‍: ഭേദഗതി വരുത്തിയ മോട്ടോര്‍ വാഹന നിയമ പ്രകാരം ഈടാക്കുന്ന ഉയര്‍ന്ന പിഴത്തുക സാധാരണക്കാരനെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്ന് മഹാരാഷ്ട്രയിലെ കര്‍ഷക സമിതി അധ്യക്ഷന്‍ കിഷോര്‍ തിവാരി. പുതുക്കിയ പിഴത്തുക സാധാരണക്കാരന് താങ്ങാനാവുന്നതല്ലെന്നും മഹാരാഷ്ട്രാ സര്‍ക്കാരില്‍ കാബിനറ്റ് പദവിയുള്ള അദ്ദേഹം പറഞ്ഞു.

'മോട്ടോര്‍ വാഹന നിയമ ഭേദഗതിയെ രാജ്യത്തെ എല്ലാ ജനങ്ങളും ഒരുപോലെ എതിര്‍ക്കുകയാണ്. പ്രത്യേകിച്ച് ഇടത്തരക്കാര്‍. ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കാണുന്നതും കേള്‍ക്കുന്നതുമെല്ലാം. ഇത് സാധാരണ ജനങ്ങള്‍ക്കെതിരായ നിയമ ഭേദഗതിയാണ്' - തിവാരി പറഞ്ഞു.

പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും നാടായ ഗുജറാത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കുശേഷം പിഴത്തുക വളരെയധികം കുറച്ച കാഴ്ചയാണ് കാണുന്നത്. ഗുജറാത്തില്‍ മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം എതിര്‍പ്പ് പ്രകടമാണ്. ജനങ്ങളില്‍നിന്ന് മോശമായ പ്രതികരണം ഉണ്ടാവുമെന്ന് കരുതുന്നതുകൊണ്ടാകാം ഇതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും വരുമാനം വര്‍ധിപ്പിക്കലല്ല, അപകടം കുറക്കലാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു. പിഴത്തുക കുറച്ചാല്‍ ജനങ്ങള്‍ നിയമം പാലിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights: MVA fines may spur suicides: Maharashtra panel chief