ന്യൂഡല്‍ഹി: പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ നേരിട്ട് പങ്കാളിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഴുക്കു ചാലുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന് അദ്ദേഹം അവ വേര്‍തിരിക്കുന്നതിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ നടന്ന ചടങ്ങിനിടെയാണ് ശുചീകരണ തൊഴിലാളികളെ സഹായിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് രംഗത്തിറങ്ങിയത്. 'സ്വച്ഛ്ത ഹി സേവ' പരിപാടിയുടെ ഭാഗമായി 25 ഓളം ശുചീകരണ തൊഴിലാളികള്‍ക്ക് അദ്ദേഹവുമായി ആശയ വിനിമയം നടത്താനുള്ള അവസരം ലഭിച്ചു.

എത്രത്തോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഓരോ ദിവസവും നീക്കം ചെയ്യേണ്ടി വരുന്നുവെന്നും ആരാണ് അവയെല്ലാം അഴുക്കു ചാലുകളില്‍ തള്ളുന്നതെന്നും അദ്ദേഹം ചോദിച്ചറിഞ്ഞു. വീടുകളില്‍നിന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അഴുക്കു ചാലുകളില്‍ എത്തുന്നതെന്ന് സ്ത്രീ തൊഴിലാളികള്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.

PM Modi

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇന്ത്യ പൂര്‍ണമായും ഒഴിവാക്കുമെന്നും മറ്റുരാജ്യങ്ങളും ഈ മാതൃക പിന്തുടരണമെന്നും പ്രധാനമന്ത്രി അടുത്തിടെ പങ്കെടുത്ത യു.എന്‍ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പരിസ്ഥിതി സൗഹൃദ ബദല്‍ കണ്ടെത്തുമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനും ഫലപ്രദമായ മാര്‍ഗം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2022 ഓടെ ഉറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

Content Highlights: PM pics plastic from waste along with garbage workers