കൊല്‍ക്കത്ത:ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മിഷണര്‍ രാജീവ് കുമാറിനോട് നാളെ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ നോട്ടീസ് നല്‍കി. ഇതോടെ രാജീവ് കുമാറിന്റെ അറസ്റ്റിനുള്ള സാധ്യതയും വര്‍ധിച്ചു.   

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കൊല്‍ക്കത്തയിലെ രാജീവ് കുമാറിന്റെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് രാജീവ് കുമാറിന്റെ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. കേസില്‍ രാജീവ് കുമാര്‍ തെളിവു നശിപ്പിച്ചെന്നാണ് സിബിഐ വാദം. 

വന്‍ തുക നല്‍കുമെന്ന്  വിശ്വസിപ്പിച്ച് സാധാരണക്കാരില്‍ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് 2014-ല്‍ ശാരദ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹത്തിലെ പ്രമുഖര്‍ ഉള്‍പ്പെട്ട 200 കമ്പനികളുടെ കണ്‍സോര്‍ഷ്യമായിരുന്നു ചിട്ടി കമ്പനിക്ക് പിന്നില്‍. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം സി.ബി.ഐ ഏല്‍പിച്ചത്.

സുപ്രീം കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍. സുപ്രീംകോടതി തന്നെ നിര്‍ദേശിച്ച് കേസ് സിബിഐ ഏറ്റെടുത്തപ്പോള്‍ കേസ് ഡയറികളും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. തുടര്‍ന്നാണ് അറസ്റ്റിന് വഴിയൊരുങ്ങിയത്. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരേ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ തെരുവില്‍ സമരവുമായി എത്തിയത് വലിയ വിവാദത്തിന് വഴി വെച്ചിരുന്നു