തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീമിന് ഏഴു വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 48 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 9.4 ഓവറില്‍ ഇന്ത്യ വിജയത്തിലെത്തി.

റിക്കി ഭുയി 20 റണ്‍സോടെയും ശിവം ദുബെ 12 റണ്‍സോടെയും പുറത്താകാതെ നിന്നു. ശ്രീകര്‍ ഭരത് (5) പുറത്തായ ശേഷം ക്രീസിലെത്തിയ ദുബെ, നേരിട്ട ആദ്യ രണ്ടു പന്തുകളും സിക്‌സറിന് പറത്തി വിജയറണ്‍ കുറിച്ചു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (5), അങ്കിത് ബാവ്‌നെ (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സ്‌കോര്‍: ദക്ഷിണാഫ്രിക്ക എ 164 & 186, ഇന്ത്യ എ 303 & 3/49.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 164-ന് പുറത്തായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ 139 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. അവസാന ദിനമായ വ്യാഴാഴ്ച ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 186 റണ്‍സിന് പുറത്താകുകയായിരുന്നു. ഹെന്‍ റിക്ക് ക്ലാസന്‍ (48), വിയാന്‍ മുള്‍ഡര്‍ (46), സുബായ്ര്‍ ഹംസ (44), ഖായ സോണ്‍ഡോ (10) എന്നിവര്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ രണ്ടക്കം കണ്ടവര്‍. ഇന്ത്യയ്ക്കായി ഷഹബാസ് നദീം മൂന്നും ജലജ് സക്‌സേന, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

ശുഭ്മാന്‍ ഗില്‍ (90), ജലജ് സക്‌സേന (61) എന്നിവര്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി തിളങ്ങിയിരുന്നു. 

Content Highlights: India A beat South Africa A by 7 wickets