മഥുര: കേന്ദ്രസര്‍ക്കാരിന്റെ ഗോസംരക്ഷണ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോസംരക്ഷണത്തെ എതിര്‍ക്കുന്നവരാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് അദ്ദേഹം മഥുരയില്‍ പറഞ്ഞു. 

ഓം, പശു തുടങ്ങിയ വാക്കുകള്‍ കേട്ടാല്‍ രാജ്യം 16-ാം നൂറ്റാണ്ടിലേക്ക് തിരികെ പോവുകയാണെന്നാണ് ചിലരുടെ ആക്രോശം. എന്നാല്‍ ഇത്തരത്തിലുള്ളവരാണ് രാജ്യത്തെ നശിപ്പിക്കുന്നത്- മോദി പറഞ്ഞു. കന്നുകാലികളില്ലാത്ത ഒരു ഗ്രാമീണ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആര്‍ക്കെങ്കിലും സംസാരിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. ദേശീയ കന്നുകാലി രോഗ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ 16 പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 

മഥുരയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കാനും അദ്ദേഹം രാജ്യത്തോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ രണ്ടുമുതല്‍ വീടുകളില്‍നിന്നും ഓഫീസുകളില്‍നിന്നും ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കണമെന്നും രാജ്യത്തെ ഓരോരുത്തരും ഈ ദൗത്യത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Content Highlights: pm modi says protecting cows not regressive