ന്യൂഡല്‍ഹി: പതിനാറുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡല്‍ഹിയില്‍ തിങ്കളാഴ്ചയാണ് സംഭവം. ഡല്‍ഹി മോതി നഗറിലെ ഇഎസ്‌ഐ ആശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. 

സംഭവവുമായി ബന്ധപ്പെട്ട് രവി(25)അങ്കിത്(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജോലിവാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. 

സംഭവ ദിവസം വൈകുന്നേരം മൂന്ന് മണിക്ക് ഇഎസ്‌ഐ ആശുപത്രിയിലെ സെക്യൂരിറ്റി  ജീവനക്കാരന്‍ വിളിച്ചു പറഞ്ഞതനുസരിച്ചാണ് പോലീസ് സംഭവ സ്ഥലത്തെത്തുന്നത്. 

നഗരത്തില്‍ വീട്ടുവേലക്കാരിയായി ജോലിചെയ്തുവരികയാണ് പെണ്‍കുട്ടി. സംഭവ ദിവസം പാത്രങ്ങള്‍ വാങ്ങാനായി ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും 9 മണിയോടുകൂടിയാണ് പെണ്‍കുട്ടി പുറത്തേക്ക് പോകുന്നത്. അങ്കിതും രവിയും വഴിയില്‍ വെച്ചു പെണ്‍കുട്ടിയെ കാണുകയും കൂടുതല്‍ പണം ലഭിക്കുന്ന മറ്റൊരു ജോലിയും താമസ സൗകര്യവും തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്തു കൂട്ടികൊണ്ടു പോകുകയുമായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടി മൂന്ന് മാസം മുമ്പാണ് ജോലി തേടി ഡല്‍ഹിയിലെത്തുന്നത്.

രവിയെയും അങ്കിതിനെയും ഇരുവരുടെയും വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റുചെയ്തത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. 

Content Highlight: 16 years old  Minor girl gangraped by two in Delhi,