മൂവാറ്റുപുഴ: ബസില്‍ നിന്ന് ഇറക്കി വിട്ട രോഗിയായ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. വണ്ണപ്പുറം സ്വദേശി എ.ഇ.സേവ്യറാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വണ്ണപ്പുറത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് പോകുന്നതിനാണ് സേവ്യര്‍ ബസില്‍ കയറിയത്. 

കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്നു. എന്നാല്‍ ജീവനക്കാര്‍ ബസ് നിര്‍ത്തി ചികിത്സ നല്‍കാനും മറ്റു തയ്യാറായില്ല. ഒരു കിലോമീറ്ററിനുള്ളില്‍ ആശുപത്രിയുണ്ടായിരുന്നിട്ടും അഞ്ച് കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷം ഞാറക്കാട് എന്ന സ്ഥലത്ത് നിര്‍ത്തി ഓട്ടോയില്‍ ഇയാളെ കയറ്റിവിട്ടെന്നാണ് പരാതി. 

ഓട്ടോറിക്ഷ ഡ്രൈവറാണ് സുഹൃത്തുക്കളെ വിളിച്ച് കൂട്ടി ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സ പോലും നല്‍കാന്‍ ശ്രീലക്ഷ്മി എന്ന ബസിലെ ജീവനക്കാര്‍ തയ്യാറായില്ലെന്നാരോപിച്ച് കാളിയാര്‍ പോലീസിന് ലഭിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് പ്രദേശവാസികള്‍ റോഡ് ഉപരോധമടക്കം നടത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

Content Highlights: muvattupuzha bus-case has been filed against the bus employees-passenger was not taken to hospital